സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ നൂറിൽ ഇന്ത്യ
Wednesday, June 25, 2025 2:37 AM IST
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) കൈവരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യമായി ആദ്യ നൂറിൽ ഇടം നേടി ഇന്ത്യ. ഐക്യരാഷ്ട്രസഭ പുറത്തുവിട്ട സുസ്ഥിര വികസന റിപ്പോർട്ട് പ്രകാരം 67 പോയിന്റുമായി 99ാം സ്ഥാനത്താണ് ഇന്ത്യ. 193 രാജ്യങ്ങളുടെ പട്ടികയാണ് യുഎൻ ഇന്നലെ പുറത്തുവിട്ടത്.
ചൈന, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, മാലദ്വീപ് തുടങ്ങിയ അയൽരാജ്യങ്ങൾ ഇന്ത്യയേക്കാൾ മികച്ച പോയിന്റുകൾ നേടിയപ്പോൾ 63 പോയിന്റുമായി ബംഗ്ലാദേശ് 114ാം സ്ഥാനത്തും 57 പോയിന്റുമായി പാക്കിസ്ഥാൻ 140ാം സ്ഥാനത്തുമാണ്. ഫിൻലൻഡ്, സ്വീഡൻ, ഡെന്മാർക്ക്, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ആദ്യ അഞ്ചു സ്ഥാനങ്ങളിലുണ്ട്. ആദ്യ 20 രാജ്യങ്ങളിൽ 19ഉം യൂറോപ്യൻ രാജ്യങ്ങളാണ്.
2015ൽ ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങൾ അംഗീകരിച്ച 17 സുസ്ഥിര വികസനലക്ഷ്യങ്ങളിൽ 17 ശതമാനം മാത്രമേ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കൈവരിക്കാൻ സാധിക്കൂവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആഗോളതലത്തിൽ സുസ്ഥിര വികസനലക്ഷ്യങ്ങൾ സ്തംഭനാവസ്ഥയിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഘർഷങ്ങൾ, ഘടനാപരമായ വെല്ലുവിളികൾ, സാന്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തടസമാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആദ്യ പത്തു സ്ഥാനങ്ങളിൽ ഉൾപ്പെട്ട രാജ്യങ്ങൾപോലും കാലാവസ്ഥ, ജൈവവൈവിധ്യം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വെല്ലുവിളി നേരിടുന്നുണ്ട്. അതേസമയം സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കിഴക്കൻ, ദക്ഷിണേഷ്യൻ രാജ്യങ്ങൾ മറ്റു ലോകരാജ്യങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതായും റിപ്പോർട്ട് പറയുന്നു.