ലീഡ് വഴങ്ങി ഇന്ത്യ
Saturday, June 10, 2023 12:14 AM IST
ലണ്ടൻ: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ലോക ചാന്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 469ന് എതിരേ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 296നു പുറത്ത്. അതോടെ ഓസ്ട്രേലിയ 173 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യ വഴങ്ങി. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണർ ഡേവിഡ് വാർണറിനെ (1) സ്കോർബോർഡിൽ രണ്ടു റണ്‍സ് ഉള്ളപ്പോൾ നഷ്ടപ്പെട്ടു. 86 റൺസെടുക്കുന്നതിനിടെ ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി.
രഹാനെ, ഷാർദുൾ
അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 151 റണ്‍സ് എന്ന നിലയിലാണു മൂന്നാം ദിനമായ ഇന്നലെ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ ക്രീസിലെത്തിയത്. 29 റണ്‍സുമായി അജിങ്ക്യ രഹാനെയും അഞ്ചു റണ്‍സുമായി ശിഖർ ഭരത്തുമായിരുന്നു ക്രീസിൽ. തലേ ദിനത്തിലെ സ്കോറിൽത്തന്നെ ഭരത് പുറത്ത്. സ്കോട്ട് ബോളണ്ട് ബൗൾഡാക്കുകയായിരുന്നു. തുടർന്ന് രഹാനെയും ഷാർദുൾ ഠാക്കൂറും ക്രീസിൽ ഒന്നിച്ചു.
129 പന്തിൽ 11 ഫോറും ഒരു സിക്സും അടക്കം രഹാനെ 89 റണ്‍സ് നേടി. ടെസ്റ്റിൽ 5000 റൺസ് ക്ലബ്ബിൽ രഹാനെ എത്തി. 109 പന്തിൽ ആറ് ഫോറിന്റെ അകന്പടിയോടെ 51 റണ്‍സ് നേടിയശേഷമാണു ഷാർദുൾ ഠാക്കൂർ മടങ്ങിയത്. ഏഴാം വിക്കറ്റിൽ ഇരുവരും 109 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. രഹാനെയ്ക്കും ഷാർദുൾ ഠാക്കൂറിനും അഞ്ചു തവണ ലൈഫ് ലഭിച്ചു.
രഹാനെയും ഷാർദുളും പാറ്റ് കമ്മിൻസിന്റെ പന്തിൽ രണ്ടു തവണ എൽബിഡബ്ല്യു ആയെങ്കിലും രണ്ടു പ്രാവശ്യവും നോബോൾ ആയിരുന്നു. ഇതുകൂടാതെ ഷാർദുളിനെ രണ്ടു തവണയും രഹാനെയെ ഒരു തവണയും ഓസ്ട്രേലിയൻ ഫീൽഡർമാർ വിട്ടുകളയുകയും ചെയ്തു. രഹാനെയ്ക്കും ഷാർദുളിനും ഒപ്പം രവീന്ദ്ര ജഡേജ (48) മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ ചെറുത്തുനിന്നത്.
ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ് മൂന്നും മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോലണ്ട്, കാമറൂണ്‍ ഗ്രീൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.