എം. ശ്രീശങ്കറിന് പാരീസ് ഡയമണ്ട് ലീഗിൽ ചരിത്രനേട്ടം
Saturday, June 10, 2023 11:27 PM IST
പാരീസ്: ഇന്ത്യയുടെ മലയാളി അത്ലറ്റ് എം. ശ്രീശങ്കറിന് ചരിത്രനേട്ടം. പാരീസ് ഡയമണ്ട് ലീഗ് പുരുഷ ലോംഗ്ജംപിൽ ശ്രീശങ്കർ മൂന്നാം സ്ഥാനം സ്വന്തമാക്കി. 8.09 മീറ്റർ താണ്ടിയാണ് ശ്രീശങ്കർ പോഡിയം ഫിനിഷ് നടത്തിയത്.
ഗ്രീസിന്റെ ഒളിന്പിക് ചാന്പ്യൻ മിൽറ്റ്യാദിസ് ടെൻതോഗ്ലു 8.13 മീറ്ററുമായി സ്വർണവും സ്വിറ്റ്സർലൻഡിന്റെ ലോക ചാന്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ സൈമണ്‍ എഹാമ്മർ 8.11 മീറ്ററോടെ വെള്ളിയും സ്വന്തമാക്കി.
ഡയമണ്ട് ലീഗിൽ പോഡിയം ഫിനിഷ് നടത്തുന്ന മൂന്നാമത് മാത്രം ഇന്ത്യക്കാരൻ എന്ന ചരിത്രമാണ് പാലക്കാട് സ്വദേശിയായ ശ്രീശങ്കർ കുറിച്ചത്. ജാവലിൻ ത്രോ താരം നീരജ് ചോപ്ര, ഡിസ്കസ്ത്രോ താരം വികാസ് ഗൗഡ എന്നിവർ മാത്രമാണ് മുന്‍പ് ഡയമണ്ട് ലീഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ഇന്ത്യൻ അത്ലറ്റുകൾ.
മൂന്നാം ശ്രമത്തിലാണ് ശ്രീശങ്കർ 8.09 മീറ്റർ എന്ന ദൂരം കണ്ടെത്തിയത്. മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു ശ്രീശങ്കർ. എന്നാൽ, നാലാം റൗണ്ടിൽ 8.11 മീറ്ററുമായി സൈമണ്‍ വെള്ളിയിലേക്ക് എത്തുകയായിരുന്നു. 7.79, 7.94, 8.09, x, 7.99, x എന്നതായിരുന്നു പാരീസിൽ ശ്രീശങ്കറിന്റെ പ്രകടനം.
2022 കോമണ്‍വെൽത്ത് വെള്ളിമെഡൽ ജേതാവായ ശ്രീശങ്കറിന്റെ കരിയറിലെ രണ്ടാമത് ഡയമണ്ട് ലീഗ് പോരാട്ടമായിരുന്നു പാരീസിലേത്. കഴിഞ്ഞ വർഷം മൊണാക്കോ ഡയമണ്ട് ലീഗിൽ 7.94 മീറ്ററുമായി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.