ടെന്നീസിൽ മെഡലുറപ്പ്
Thursday, September 28, 2023 2:23 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ടെന്നീസിൽ മെഡലുറപ്പിച്ച് ഇന്ത്യ. പുരുഷവിഭാഗം ഡബിൾസിൽ സാകേത് മൈനേനി-രാംകുമാർ രാമനാഥൻ സഖ്യം സെമി ഫൈനലിൽ കടന്നു.
ചൈനയുടെ ഷിഷെൻ ഷാങ്-യിബിങ് ബു സഖ്യത്തെയാണ് ഇന്ത്യൻ ജോടി പരാജയപ്പെടുത്തിയത്. സ്കോർ: 6-1, 7-6 (8). ദക്ഷിണ കൊറിയയുടെ സോങ്ചാൻ ഹോങ്-സൂണ്വൂ വോണ്‍ സഖ്യമാണു സെമിയിൽ ഇവരുടെ എതിരാളി. മിക്സഡ് ഡബിൾസിൽ രണ്ടാം സീഡ് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-റുതുജ ഭോസ്ലെ സഖ്യം ക്വാർട്ടറിൽ കടന്നിട്ടുണ്ട്.
അതേസമയം, സിംഗിൾസിൽ ഇന്ത്യക്കു മെഡലില്ല. മെഡൽ പ്രതീക്ഷയായിരുന്ന സുമിത് നാഗലും കഴിഞ്ഞ എഡിഷനിലെ വെങ്കല ജേതാവ് അങ്കിത റെയ്നയും ക്വാർട്ടറിൽ തോറ്റു പുറത്തായി. 2006നുശേഷം ആദ്യമായാണു സിംഗിൾസിൽ ഇന്ത്യ മെഡലില്ലാതെ മടങ്ങുന്നത്.