തൂത്തുവാരിയില്ല; ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്കു തോൽവി
Thursday, September 28, 2023 2:23 AM IST
രാജ്കോട്ട്: ഇന്ത്യക്കെതിരായ ഏകദിന പരന്പരയിൽ വൈറ്റ്വാഷ് നാണക്കേട് ഒഴിവാക്കി ഓസ്ട്രേലിയ. മൂന്നാം ഏകദിനത്തിൽ ആതിഥേയരെ 66 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 352 റണ്‍സ് അടിച്ചുകൂട്ടി. മറുപടി പറഞ്ഞ ഇന്ത്യ 49.4 ഓവറിൽ 286ന് എല്ലാവരും പുറത്തായി.
ബാറ്റിംഗിൽ തിളങ്ങാനാകാത്തതിന്റെ വിഷമം ബൗളിംഗിൽ തീർത്ത്, നാലു മുൻനിര വിക്കറ്റുകൾ പിഴുത ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിന്റെ പ്രകടനമാണ് ഇന്ത്യയെ തകർത്തത്. 35.4 ഓവറിൽ 223/3 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. എന്നാൽ മധ്യനിര തകർന്നടിഞ്ഞതു തിരിച്ചടിയായി. ഇന്ത്യക്കായി രോഹിത് ശർമ 57 പന്തിൽ 81 റണ്‍സുമായി ടോപ് സ്കോററായി. വിരാട് കോഹ്ലി (56), ശ്രേയസ് അയ്യർ (48) രവീന്ദ്ര ജഡേജ (35) എന്നിവരും തിളങ്ങി. ഓപ്പണറായെത്തിയ വാഷിംഗ്ടണ്‍ സുന്ദർ (18), കെ.എൽ. രാഹുൽ (26), സൂര്യകുമാർ യാദവ് (8) എന്നിവരൊക്കെ നിരാശപ്പെടുത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ മിച്ചൽ മാർഷ് (84 പന്തിൽ 96), ഡേവിഡ് വാർണർ (34 പന്തിൽ 56), സ്റ്റീവൻ സ്മിത്ത് (61 പന്തിൽ 74), മാർനസ് ലബുഷെയ്ൻ (58 പന്തിൽ 72) എന്നിവരുടെ അർധസെഞ്ചുറികളുടെ മികവിലാണ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. 27.5 ഓവറിൽ 215/1 എന്ന ശക്തമായ നിലയിലായിരുന്ന ഓസീസ് ഒരുഘട്ടത്തിൽ 400 കടക്കുമെന്നു തോന്നിപ്പിച്ചെങ്കിലും തുടർച്ചയായി വിക്കറ്റ് വീണതു തിരിച്ചടിയായി.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. ആദ്യ രണ്ട് ഏകദിനങ്ങൾ ജയിച്ച ഇന്ത്യ പരന്പര സ്വന്തമാക്കിയിരുന്നു.