നിറയൊഴിച്ചു, നിറയേ മെഡല്
Thursday, September 28, 2023 2:23 AM IST
ഹാങ്ഝൗ: നിറയൊഴിച്ച് നിറയേ മെഡലുമായി ഇന്ത്യൻ താരങ്ങൾ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ സ്വന്തമാക്കിയ ഏഴു മെഡലും ഷൂട്ടിംഗ് റേഞ്ചിൽനിന്നായിരുന്നു. രണ്ടു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും ഷൂട്ടിംഗിൽ ഇന്നലെ ഇന്ത്യ സ്വന്തമാക്കി.

ഇതോടെ ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഷൂട്ടിംഗിലൂടെ മൂന്നു സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 12 മെഡൽ നേടി. ഷൂട്ടിംഗ് റേഞ്ചിൽ വനിതാ 50 മീറ്റർ ത്രീ പൊസിഷനിൽ സിഫ്റ്റ് കൗർ സംറ നേടിയ സ്വർണമാണ് ഏറെ ശ്രദ്ധേയം.
മനു ഭാകർ സംഘം
മനു ഭാകറിന്റെ നേതൃത്വത്തിലുള്ള വനിതാ 25 മീറ്റർ ഏയർ പിസ്റ്റൾ ടീം ഇനത്തിലും ഇന്ത്യ ഇന്നലെ സ്വർണം സ്വന്തമാക്കി. 2023 ബാകു ലോക ചാന്പ്യൻഷിപ്പ് 20 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ ചാന്പ്യന്മാരായ ഇന്ത്യയുടെ മനു ഭാകർ, ഇഷ സിംഗ്, റിഥം സാംഗ്വാൻ എന്നിവരുടെ ടീമാണ് ഏഷ്യൻ ഗെയിംസിലും സ്വർണം വെടിവച്ചിട്ടത്. 1759 പോയിന്റുമായി ഇന്ത്യൻ ടീം സ്വർണത്തിൽ മുത്തമിട്ടു. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചൈനയ്ക്ക് 1756ഉം വെങ്കലം നേടിയ കൊറിയയ്ക്ക് 1742ഉം പോയിന്റ് വീതമാണ്.
ഹാട്രിക് വെള്ളി
വനിതാ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ ഇന്ത്യ വെള്ളി നേടി. ആഷി ഛൗക്സെ, മാനിനി കൗഷിക്, സിഫ്റ്റ് കൗർ ശർമ എന്നിവരുടെ ടീമാണ് വെള്ളി സ്വന്തമാക്കിയത്. 1764 പോയിന്റ് നേടി ടീം ഇന്ത്യ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൈന (1773) സ്വർണവും ദക്ഷിണകൊറിയ (1756) വെങ്കലവും സ്വന്തമാക്കി.
വനിതാ 25 മീറ്റർ എയർ പിസ്റ്റളിൽ ഇഷ സിംഗ്, പുരുഷ സ്കീറ്റിൽ അനന്ത്ജീത് സിംഗ് നരൂക എന്നിവരും ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്നലെ ഇന്ത്യക്കു വെള്ളി സമ്മാനിച്ചു.
ട്രിപ്പിൾ ഡബിൾ
ഷൂട്ടിംഗ് റേഞ്ചിൽ ഇന്നലെ ഇന്ത്യയുടെ മൂന്നു താരങ്ങൾ ഇരട്ട മെഡൽ നേട്ടത്തിലെത്തി. പുരുഷ സ്കീറ്റ് ടീം ഇനത്തിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്ന അനന്ദ്ജീത് സിംഗ് വ്യക്തിഗത ഇനത്തിൽ വെള്ളിയണിഞ്ഞിരുന്നു. വനിതാ 50 മീറ്റർ ത്രീ പൊസിഷൻ സ്വർണം നേടിയ സിഫ്റ്റ് കൗർ 50 മീറ്റർ ത്രീ പൊസിഷൻ ടീം ഇനത്തിൽ വെള്ളി നേടിയ ഇന്ത്യൻ സംഘത്തിലും നിർണായക സാന്നിധ്യമായി. വനിതാ 50 മീറ്റർ ത്രീ പൊസിഷൻ വെള്ളി നേടിയ ടീമിലെ ആഷി ഛൗക്സെ വ്യക്തിഗത ഇനത്തിൽ വെങ്കലം നേടി.
ഗുർജോത് സിംഗ്, അങ്കത് വീർ സിംഗ്, അനന്ദ്ജീത് സിംഗ് എന്നിവരായിരുന്നു പുരുഷ സ്കീറ്റ് ടീം ഇനത്തിൽ ഇന്ത്യക്കായി വെങ്കലമണിഞ്ഞത്.