ഹാലണ്ടിന്റെ സമനില തെറ്റിച്ച ടൈ
Tuesday, December 5, 2023 12:59 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആവേശത്തിനൊപ്പം വിവാദവും തലപൊക്കിയ ത്രില്ലർ പോരാട്ടത്തിൽ മൂന്ന് ഗോൾ വീതമടിച്ച് മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാമും സമനിലയിൽ പിരിഞ്ഞു.
സിറ്റിക്കായി ഫിൽ ഫോഡൻ (31’), ജാക്ക് ഗ്രീലിഷ് (81’) എന്നിവർ ഗോൾ നേടിയപ്പോൾ ആദ്യ ഗോൾ സണ്‍ ഹ്യൂങ് മിന്നിന്റെ (9’) ഓണ്ഗോളിൽനിന്നായിരുന്നു. ടോട്ടനത്തിനായി സണ്‍ ഹ്യൂങ് മിൻ (6’), ജിയോവനി ലോ സെൽസോ (69’), ദേജൻ കുലുസേവ്സ്കി (90) എന്നിവർ വലകുലുക്കി.
ഇഞ്ചുറി സമയത്തിന്റെ അഞ്ചാം മിനിറ്റിൽ വിജയഗോൾ നേടാൻ സിറ്റിക്ക് സുവർണാവസരം ലഭിച്ചതാണ്. ഫൗളിന് ഇരയായി നിലതെറ്റിയിട്ടും പന്ത് പിടിച്ചെടുത്ത എർലിംഗ് ഹാലണ്ട് നൽകിയ പാസ് ഗോളി മാത്രം മുന്നിൽനിൽക്കേ ഗ്രീലിഷിന് അനായാസം ഫിനിഷ് ചെയ്യാമായിരുന്നു. എന്നാൽ, റഫറി ഫൗൾ വിസിൽ മുഴക്കി. റഫറിയുടെ തീരുമാനം തെറ്റാണെന്ന് വാദിച്ച് സിറ്റി താരങ്ങൾ രംഗത്തെത്തി. രോഷത്തോടെയാണ് സിറ്റി താരങ്ങൾ ഗ്രൗണ്ട് വിട്ടത്.
സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ച് ഹാലണ്ട് റഫറിക്കെതിരായ രോഷം പ്രകടിപ്പിച്ചു. നിരവധി പ്രമുഖരും റഫറിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. കളി തുടരാൻ നിർദേശം നല്‍കിയശേഷമാണ് റഫറി സൈമണ്‍ ഹൂപ്പർ ഫ്രീകിക്കിനായി വിസിൽ മുഴക്കിയത്.
14 മത്സരങ്ങൾ പൂർത്തിയായപ്പോൾ 30 പോയിന്റുമായി സിറ്റി മൂന്നാമതും 27 പോയിന്റുള്ള ടോട്ടനം അഞ്ചാമതുമാണ്. ആഴ്സണൽ (33), ലിവർപൂൾ (31) ടീമുകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.