വിജയ് ഹസാരെ: കേരളം പ്രീക്വാർട്ടറിൽ
Wednesday, December 6, 2023 1:53 AM IST
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ കേരളം നോക്കൗട്ടിൽ. അവസാന ഗ്രൂപ്പ് മത്സരത്തിൽ റെയിൽവേസിനോട് തോറ്റിട്ടും കേരളം പ്രീ ക്വാർട്ടർ ബർത്ത് നേടി. തുടർച്ചയായ നാലാം സീസണിലാണ് കേരളം വിജയ് ഹസാരെ ഏകിദന ടൂർണമെന്റിൽ നോക്കൗട്ടിൽ എത്തുന്നത്.
എ ഗ്രൂപ്പിൽ മുംബൈ പിന്തള്ളി ഗ്രൂപ്പ് ചാന്പ്യന്മാരായെങ്കിലും കേരളത്തിന് ക്വാർട്ടർ ബർത്ത് ലഭിച്ചില്ല. ഇരു ടീമിനും 20 പോയിന്റ് വീതം ആണെങ്കിലും റൺശരാശരിയുടെ അടിസ്ഥാനത്തിലാണ് കേരളം ഗ്രൂപ്പ് തലപ്പത്ത് എത്തിയത്.
എന്നാൽ ബിസിസിഐ മാനദണ്ഡപ്രകാരം പോയിന്റ് തുല്യത വന്നാൽ ഇരുടീമും തമ്മിലുള്ള മത്സരത്തിലെ വിജയിക്കാണ് മുൻതൂക്കം. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെ തോൽപ്പിച്ച മുംബൈ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തായിട്ടും ക്വാർട്ടർ ബർത്ത് നേടി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മുംബൈ ഒഡീഷയോടും തോൽവി ഏറ്റുവാങ്ങിയിരുന്നു.
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ കേരളത്തിനായി ക്യാപ്റ്റൻ സഞ്ജു സാംസണ് (139 പന്തിൽ 128) സെഞ്ചുറി നേടി. സഞ്ജുവിന്റെ സെഞ്ചുറിയാണ് നെറ്റ് റണ്‍റേറ്റിൽ മുംബൈയെ പിന്തള്ളാൻ കേരളത്തെ സഹായിച്ചത്.
17.3 ഓവറിൽ 59/4 എന്ന നിലയിൽ കേരളം തകർച്ചയിൽ നിൽക്കേ ക്രീസിലെത്തിയ സഞ്ജു ക്ഷമയോടെ ബാറ്റ് വീശിയാണ് ലിസ്റ്റ് എ കരിയറിലെ രണ്ടാം സെഞ്ചുറി നേടിയത്. എട്ട് ഫോറും ആറ് സിക്സും ഉൾപ്പെട്ടതായിരുന്നു നായകന്റെ ഇന്നിംഗ്സ്. സഞ്ജുവിന്റെ സെഞ്ചുറിക്കും കേരളത്തെ തോൽവിയിൽ നിന്നും രക്ഷിക്കാനായില്ല. 18 റൺസിനാണ് റെയിൽവേസ് കേരളത്തെ വീഴ്ത്തിയത്.
അഞ്ചാം വിക്കറ്റിൽ ശ്രേയസ് ഗോപാലും (53) സഞ്ജുവും ചേർന്ന് 138 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇതാണ് ജയത്തിനടുത്ത് എത്താൻ കേരളത്തിന് സഹായകരമായത്. ഇരുവർക്കും പുറമേ ഓപ്പണർ കൃഷ്ണപ്രസാദ് (29) മാത്രമാണ് കേരളത്തിനായി രണ്ടക്കം കടന്നത്.
ടോസ് നേടിയ സഞ്ജു, റെയിൽവേസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഇരുപത്തഞ്ചുകാരനായ യുവരാജ് സിംഗിന്റെ സെഞ്ചുറി ബലത്തിൽ റെയിൽവേസ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റണ്‍സ് നേടി. 136 പന്തിൽ ഒരു സിക്സും 13 ഫോറും അടക്കം 121 റണ്‍സുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവരാജ് സിംഗ് പുറത്താകാതെ നിന്നതാണ് റെയിൽവേസ് ഭേദപ്പെട്ട സ്കോർ നേടാൻ സഹായകരമായത്.
അതേസമയം, ഒഡീഷയോട് 86 റണ്‍സിന്റെ തോൽവിയാണ് മുംബൈ വഴങ്ങിയത്. 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 32.3 ഓവറിൽ 113 റണ്‍സിനു പുറത്തായി. നെറ്റ് റണ്‍റേറ്റിൽ മുംബൈയെ താഴേക്ക് വീഴ്ത്തിയത് ഈ തോൽവിയാണ്. സ്കോർ: ഒഡീഷ 50 ഓവറിൽ 199/9. മുംബൈ 32.3 ഓവറിൽ 113.