ക്രൂസിറോ വോളി
Friday, December 8, 2023 2:50 AM IST
ബംഗളൂരു: ക്ലബ് വോളിബോൾ ലോക ചാന്പ്യൻഷിപ് പൂൾ ബിയിൽ ബ്രസീലിൽനിന്നുള്ള സഡ ക്രൂസിറോ വോളി ത്രില്ലർ പോരാട്ടത്തിനൊടുവിൽ ജയം സ്വന്തമാക്കി. ജാപ്പനീസ് ക്ലബ് സണ്ടോറി സണ്ബേഡ്സിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ക്രൂസിറോ കീഴടക്കിയത്.
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ അവസാന സെറ്റിൽ 15-12നായിരുന്നു ബ്രസീൽ ടീമിന്റെ ജയം. രണ്ടാം സെറ്റ് പോരാട്ടം 31-29നും മൂന്നാം സെറ്റ് 30-28നുമായിരുന്നു അവസാനിച്ചത് എന്നത് മത്സരത്തിന്റെ കാഠിന്യം വ്യക്തമാക്കി. ആദ്യ രണ്ട് സെറ്റും നഷ്ടപ്പെട്ടശേഷമായിരുന്നു സണ്ബേഡ്സ് മത്സരത്തിലേക്കു തിരിച്ചെത്തിയത്. സ്കോർ: 25-21, 31-29, 28-30, 22-25, 15-12.
പൂൾ ബിയിലെ ആദ്യ മത്സരത്തിൽ സണ്ബേഡ്സ് 3-0ന് തുർക്കി ക്ലബ്ബായ ഹൽക്ബാങ്ക് സ്പോർ കുളൂബുവിനെ കീഴടക്കിയിരുന്നു. സഡ ക്രൂസിറോയുടെ ആദ്യ മത്സരമായിരുന്നു ഇന്നലെ നടന്നത്. ഇന്ന് അവർ ഹൽക്ബാങ്ക് സ്പോർ കുളൂബിനെ നേരിടും.
ക്രൂസിറോ ലോക ക്ലബ് ചാന്പ്യൻഷിപ്പിൽ തുടർച്ചയായ 11-ാം തവണയാണ് കളിക്കുന്നത്. 2012ൽ അരങ്ങേറിയതിനുശേഷം നാല് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും ക്രൂസിറോ സ്വന്തമാക്കിയിട്ടുണ്ട്.