ഡബ്ല്യുപിഎല്ലിൽ വയനാടിന്റെ സജന
Sunday, December 10, 2023 1:33 AM IST
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20യിൽ കേരളത്തിന്റെ പുതിയ സാന്നിധ്യമായി വയനാട്ടിൽനിന്നുള്ള സജന സഞ്ജീവൻ. മാനന്തവാടി സ്വദേശിയായ സജനയെ 15 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 10 ലക്ഷം രൂപയായിരുന്നു ഈ ഓൾറൗണ്ടറിന്റെ അടിസ്ഥാനവില.
2023ൽ ഡൽഹി ക്യാപ്പിറ്റൽസിൽ ചേർന്ന മിന്നു മണിക്കു പിന്നാലെ ഡബ്ല്യുപിഎല്ലിൽ എത്തുന്ന രണ്ടാമത് മലയാളി താരമാണ് സജന. മിന്നുവും വയനാട് സ്വദേശിയാണെന്നതും ശ്രദ്ധേയം. ഇരുപത്തെട്ടുകാരിയായ സജന 2022 സീനിയർ വനിതാ ട്വന്റി-20 ചലഞ്ചൽ ട്രോഫിയിൽ ഇന്ത്യ എയ്ക്കു വേണ്ടി കളിച്ചിരുന്നു.