പാക്കിസ്ഥാനോട് ഇന്ത്യ തോറ്റു
Monday, December 11, 2023 2:43 AM IST
ദുബായ്: 2023 ഏഷ്യ കപ്പ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരേ ഇന്ത്യക്കു തോൽവി. ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ പാക്കിസ്ഥാൻ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി. 18 പന്ത് ബാക്കിനിൽക്കേയായിരുന്നു പാക് ജയം. സ്കോർ: ഇന്ത്യ 259/9. പാക്കിസ്ഥാൻ 263/2. ജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽനിന്ന് നാല് പോയിന്റുമായി പാക്കിസ്ഥാൻ ഒന്നാം സ്ഥാനത്തെത്തി.
ടോസ് നേടിയ പാക്കിസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുത്തു. ആദർശ് സിംഗ് (62), ക്യാപ്റ്റൻ ഉദയ് സഹറൻ (60), സച്ചിൻ ധാസ് (58) എന്നിവരുടെ അർധസെഞ്ചുറികളിലൂടെയാണ് ഇന്ത്യ സ്കോർ പടുത്തുയർത്തിയത്. പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് സീഷൻ 46 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി.
മറുപടിക്കിറങ്ങിയ പാക്കിസ്ഥാനുവേണ്ടി അസാൻ ഒവൈസ് (105 നോട്ടൗട്ട്) സെഞ്ചുറി നേടി. ക്യാപ്റ്റൻ സാദ് ബെയ്ഗ് (68 നോട്ടൗട്ട്), ഷാസെബ് ഖാൻ (63) എന്നിവർ അർധസെഞ്ചുറിയും സ്വന്തമാക്കി. നാളെ നേപ്പാളിനെതിരേയാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ അവസാന മത്സരം. നേപ്പാളിനെതിരേ ജയിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാം.