സുരക്ഷാ അനുമതി ലഭിച്ചില്ല; ഗാസയിൽനിന്ന് നവജാത ശിശുക്കളെ മാറ്റുന്ന ദൗത്യം നിർത്തിവച്ചെന്ന് യുഎൻ
Friday, October 10, 2025 5:01 AM IST
ഗാസ: ഗാസ സിറ്റിയിൽനിന്ന് രണ്ട് നവജാത ശിശുക്കളെ മാറ്റുന്നതിനായി മുൻകൂട്ടി അംഗീകരിച്ച ദൗത്യം നിർത്തിവയ്ക്കേണ്ടി വന്നതായി ഐക്യരാഷ്ട്രസഭ. വടക്കൻ ഗാസയിലെ ആശുപത്രികളിലുള്ള 18 നവജാത ശിശുക്കളുടെ സംഘത്തിലെ അംഗങ്ങളാണ് ഈ രണ്ട് കുഞ്ഞുങ്ങൾ. ഇവരെ ഒഴിപ്പിക്കാൻ യുഎൻ ഏജൻസികൾ ശ്രമിച്ചുവരികയായിരുന്നു.
ഇസ്രയേലിന്റെ സുരക്ഷാ അനുമതി ലഭിക്കാത്തതാണ് കുഞ്ഞുങ്ങളെ ഒഴിപ്പിക്കാൻ തടസമായിരിക്കുന്നത്. വടക്കൻ ഗാസയിൽനിന്ന് പലായനം ചെയ്ത മാതാപിതാക്കള്‍ക്കൊപ്പം സുരക്ഷിതമായി മാറ്റാൻ കഴിയാത്തതിനാൽ ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള രണ്ട് നവജാത ശിശുക്കളെ അൽ ഹെലോ ആശുപത്രിയിലെ ഇൻകുബേറ്ററുകളിൽ സൂക്ഷിച്ചിരിക്കുയാണെന്നു യൂണിസെഫ് വ്യക്തമാക്കി.
നിലവിലെ സൈനിക പ്രവർത്തനങ്ങൾ കുഞ്ഞുങ്ങളെ മാറ്റാനുള്ള ശ്രമങ്ങളെ തടസപ്പെടുത്തുകയാണ്. എന്നാൽ മാതാപിതാക്കളുടെ അരികിലേക്കു കുഞ്ഞുങ്ങളെ ഉറപ്പായും എത്തിക്കുമെന്നു യൂണിസെഫ് സീനിയർ എമർജൻസി കോ ഓർഡിനേറ്റർ ഹമീഷ് യംഗ് പറഞ്ഞു. യുഎൻ വാഹനത്തിൽ കട്ടിയുള്ള പുതപ്പുകളിൽ പൊതിഞ്ഞ നിലയിലുള്ള കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ യൂണിസെഫ് പങ്കുവച്ചിട്ടുണ്ട്.