സ്പെയിനിനെ നാറ്റോയിൽനിന്ന് പുറത്താക്കണമെന്ന് ട്രംപ്
Friday, October 10, 2025 5:32 AM IST
വാഷിംഗ്ടൺ ഡിസി: സ്പെയിനിനെ നാറ്റോയിൽനിന്ന് പുറത്താക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ തയാറാക്കിയ ഉയർന്ന പ്രതിരോധ ചെലവ് ആവശ്യകത പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് സ്പെയിനിനെ പുറത്താക്കണമെന്ന് ട്രംപ് നിർദേശിച്ചത്.
താരതമ്യേന പ്രതിരോധത്തിനായി ഏറ്റവും കുറഞ്ഞ തുക ചെലവഴിക്കുന്ന നാറ്റോ രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. 32 രാജ്യങ്ങളുള്ള നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) ജൂണിൽ ട്രംപിന്റെ സമ്മർദത്തെത്തുടർന്ന് അടുത്ത ദശകത്തിലെ പ്രതിരോധ ചെലവ് വൻതോതിൽ വർധിപ്പിക്കാൻ സമ്മതിച്ചു, എന്നാൽ ജിഡിപിയുടെ അഞ്ച് ശതമാനമെന്ന പുതിയ വർധന എതിർത്ത മാഡ്രിഡിനെ വ്യാപാരത്തിൽ ശിക്ഷിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
പ്രതിരോധത്തിനായി കൂടുതൽ ചെലവഴിക്കാൻ തയാറാകാത്ത യൂറോപ്യൻ രാജ്യങ്ങളുടെ സംരക്ഷണം വാഷിംഗ്ടണിന് തടയാൻ കഴിയുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. പ്രതിരോധ ചെലവിന് 3.5 ശതമാനവും അടിസ്ഥാന സൗകര്യങ്ങൾ, സൈബർ സുരക്ഷ തുടങ്ങിയ മേഖലകൾക്ക് 1.5 ശതമാനം എന്നിങ്ങനെയാണ് അഞ്ച് ശതമാനം സൈനിക ചെലവായി ട്രംപിന്റെ നിർദേശത്തിൽ പറയുന്നത്. 2014ൽ ആദ്യം രണ്ട് ശതമാനമായിരുന്നു സഖ്യത്തിന്റെ സൈനിക ചെലവ്.