തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർഥിക്കെതിരെ എഐ നിർമിത വിഡിയോകൾ ഉപയോഗിക്കുന്നത് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
Friday, October 10, 2025 6:38 AM IST
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും എതിർ സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐ നിർമിത വിഡിയോകൾ ഉപയോഗിക്കുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കെയാണ് കമ്മീഷന്റെ ഉത്തരവ്. എഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയുന്നതിനും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് കമ്മീഷൻ വിശദീകരിച്ചു.
ബിഹാർ തെരഞ്ഞെടുപ്പിൽ എഐ വീഡിയോ പ്രചാരണം നേരത്തെതന്നെ വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരേതയായ മാതാവ് ഹീരാ ബെന്നിനെ കഥാപാത്രമാക്കി കോണ്ഗ്രസ് പുറത്തിറക്കിയ എഐ വീഡിയോയാണ് വിവാദമായത്. ബിഹാറിൽ നവംബർ ആറിനും നവംബർ 11നുമായി രണ്ടുഘട്ടത്തിലാണ് വോട്ടെടുപ്പ്. നവംബർ 14നാണ് ഫലപ്രഖ്യാപനം.
പാർട്ടികളും സ്ഥാനാർഥികളും സമൂഹമാധ്യങ്ങളിലും ഓൺലൈനിലും നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിൽ വരുമെന്നും കമ്മീഷൻ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലും മറ്റും ഏതെങ്കിലും വിധത്തിൽ എഐ നിർമിത ഉള്ളടക്കങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ‘എഐ നിർമിതം’ എന്ന് കൃത്യമായി ലേബൽ ചെയ്യണം.