ശബരിമല സ്വര്‍ണപ്പാളി കേസ്: നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി; ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നല്‍കണം
Friday, October 10, 2025 11:37 AM IST
കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിഷയത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പോലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അന്വേഷണം അതീവ രഹസ്യമായിരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവച്ച് കവറില്‍ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. ദേവസ്വം വിജിലൻസ് സമര്‍പ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി.
അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി. മറ്റാരോടും അന്വേഷണ വിവരം വെളിപ്പെടുത്തേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഉണ്ണികൃഷ്ണന് പോറ്റി മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സ്വർണപ്പാളിയിൽ 474.99 ഗ്രാം സ്വർണത്തിന്റെ ക്രമക്കേട് നടന്നുവെന്ന് കോടതി നിരീക്ഷിച്ചു. സ്വര്‍ണം കവര്‍ന്ന യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണം. കേസില്‍ നിലവില്‍ പിടിച്ചെടുത്ത രേഖകള്‍ രജിസ്ട്രാറുടെ പക്കല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ സ്വര്‍ണപ്പാളികള്‍ 2019 ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന് പോറ്റിക്ക് നല്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി സംശയാസ്പദമാണെന്നും ഹൈക്കോടതി വിലയിരുത്തി.
സ്വർണപ്പാളി കാണാതായ സംഭവത്തിൽ ദേവസ്വം വിജിലൻസ് സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ ഹൈക്കോടതിയിൽ നേരിട്ടു ഹാജരായാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് കൈമാറിയത്.
എസ്ഐടിയിലെ അന്വേഷണ ഉദ്യോഗസ്ഥനായ പോലീസ് ട്രെയിനിംഗ് കോളജ് അസി. ഡയറക്ടർ എസ്.ശശിധരൻ ജസ്റ്റീസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിനു മുമ്പാകെ ഹാജരായി.
റിപ്പോർട്ട് ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിന് (എസ്ഐടി) ഇന്നു തന്നെ കൈമാറുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.