ബഗ്രാമിൽ വിദേശ സൈനിക സാന്നിധ്യം അനുവദിക്കില്ലെന്ന് അഫ്ഗാനിസ്ഥാൻ
Saturday, October 11, 2025 5:35 AM IST
ന്യൂഡൽഹി: ഒരുതരത്തിലുള്ള വിദേശ സൈനിക സാന്നിധ്യവും ബഗ്രാം വ്യോമതാവളത്തിൽ അനുവദിക്കില്ലെന്ന് അഫ്ഗാനിസ്ഥാൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖി. വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് മുത്തഖി ഇക്കാര്യം പറഞ്ഞത്.
അഫ്ഗാനുമായി ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നയതന്ത്ര ദൗത്യത്തിലൂടെ ഇടപെടാം, പക്ഷേ സൈനിക യൂണിഫോമിലുള്ള ആരെയും ഞങ്ങൾ അംഗീകരിക്കില്ലെന്നും സുരക്ഷാ ആശങ്കകളെക്കുറിച്ചു ഞങ്ങൾ സംസാരിക്കുകയും ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തുകയും ചെയ്തെന്ന് മുത്തഖി പറഞ്ഞു
അഫ്ഗാനിസ്ഥാന്റെ മണ്ണ് മറ്റുള്ളവർക്കെതിരെ ഉപയോഗിക്കില്ലെന്ന് കഴിഞ്ഞ നാല് വർഷത്തിനിടെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ തെളിയിച്ചിട്ടുണ്ടെന്നും മുത്തഖി പറഞ്ഞു. ഇസ്ലാമിക തത്വങ്ങളുടെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാൻ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം ആഗ്രഹിക്കുന്നു. ഈ നല്ല പാതയിൽ മുന്നോട്ട് പോകാൻ ഇന്ത്യക്ക് മികച്ച അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.