ആലപ്പുഴയിൽ കഞ്ചാവുമായി സൈനികനും വാങ്ങാനെത്തിയ യുവാക്കളും അറസ്റ്റിൽ
Thursday, October 16, 2025 6:19 PM IST
ഹരിപ്പാട്: ആലപ്പുഴയിൽ വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി സൈനികനും കഞ്ചാവ് വാങ്ങാനെത്തിയ മൂന്ന് യുവാക്കളും അറസ്റ്റിൽ. വീട്ടിൽ സൂക്ഷിച്ചിരുന്ന 1.115 കിലോ കഞ്ചാവുമായി സൈനികനായ കരുവാറ്റ തെക്ക് സന്ദീപ് ഭവനത്തിൽ സന്ദീപ് കുമാർ (29) നെയാണ് പോലീസ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സന്ദീപിന്റെ കിടപ്പുമുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് വിൽപനയ്ക്കായി ഉപയോഗിക്കുന്ന ചെറിയ കവറുകളും പോലീസ് പിടികൂടി.
കഞ്ചാവ് വാങ്ങാൻ എത്തിയ കരുവാറ്റ തെക്ക് കൃഷ്ണ വീട്ടിൽ ഗോകുൽ (27), ശങ്കരവിലാസത്തിൽ ജിതിൻ കുമാർ (29), മനീഷ് ഭവനത്തിൽ മിഥുൻ (22) എന്നുവരെയും സന്ദീപിന്റെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
രാജസ്ഥാനിലാണ് സന്ദീപ് ജോലി ചെയ്യുന്നത്. അവധിക്ക് എത്തുമ്പോൾ കഞ്ചാവുമായാണ് സന്ദീപ് നാട്ടിലെത്തിയിരുന്നത്. വരുന്ന വഴി ബംഗളൂരുവിൽ ഇറങ്ങിയാണ് സന്ദീപ് കഞ്ചാവ് വാങ്ങുന്നത്. പിന്നീട് ഇത് ചില്ലറ വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.