കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്
Friday, October 17, 2025 9:28 AM IST
ബംഗളൂരു: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. മൈസൂരു ജില്ലയിലെ സരഗുർ താലൂക്കിലെ ബഡഗലപുര ഗ്രാമത്തിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ മഹാദേവ്(34) എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയലിൽ ജോലി ചെയ്തിരുന്ന കർഷകർക്ക് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. കർഷകർ മരത്തിൽ കയറി രക്ഷപെട്ടെങ്കിലും മഹാദേവിന് ഓടി മാറാൻ സാധിച്ചില്ല.
കടുവ മഹാദേവിനെ വലിച്ചിഴച്ചുകൊണ്ടുപോയി മുഖത്തും തലയിലും കടിച്ചു. ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
വന്യമൃഗങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് നിരവധി തവണ പരാതി നൽകിയിരുന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കടുവയെ പിടികൂടാൻ കുങ്കി ആനകളെയും ഡ്രോണുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.