ഔസേപ്പച്ചന് ബിജെപി വേദിയില്‍; നിയമസഭയിലേക്ക് മത്സരിക്കണമെന്ന് ബി. ഗോപാലകൃഷ്ണന്
Friday, October 17, 2025 2:12 PM IST
തൃശൂര്‍: സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചൻ പങ്കെടുത്തത്. ഔസേപ്പച്ചനോപ്പം രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും വേദിയിലെത്തി.
ഔസേപ്പച്ചനെയും ഫക്രുദ്ദീൻ അലിയെയും ബി.ഗോപാലകൃഷ്ണൻ ബിജെപിയിലേക്ക് ക്ഷണിച്ചു. ബിജെപിയിൽ ചേർന്ന് നിയമസഭയിൽ മത്സരിക്കാനാണ് ക്ഷണം. വാതിൽ തുറന്നിട്ടിരിക്കുകയാണ്. മുണ്ട് പൊക്കി കാണിക്കുന്ന ആളുകളെ അല്ല കേരളത്തിന് ആവശ്യം. വികസനത്തിന്റെ കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്ന ആളുകളെയാണ് ആവശ്യമെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഔസേപ്പച്ചൻ പറഞ്ഞു. ഒരേ ചിന്തയിൽ വളരണം. രാജ്യത്തിന്റെ വളർച്ചയ്ക്കു വേണ്ടി പ്രയത്നിക്കുന്ന ആളാണ് ബി.ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചൻ പറഞ്ഞു. നല്ല രാഷ്ട്രീയക്കാരെ തനിക്ക് ഇഷ്ടമാണെന്നായിരുന്നു ഫക്രുദ്ദീൻ അലിയുടെ പ്രതികരണം.