എന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരും; വിളിച്ചുപറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി
Friday, October 17, 2025 3:13 PM IST
പത്തനംതിട്ട: ശബരിമല സ്വർണകവർച്ച കേസിൽ തന്നെ കുടുക്കിയതാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. തന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നില്‍ വരുമെന്നും പോറ്റി പറഞ്ഞു.
റാന്നി കോടതിയില്‍ നിന്നും പുറത്തേക്ക് വരുമ്പോഴായിരുന്നു ഉണ്ണികൃഷ്ണന് പോറ്റിയുടെ പ്രതികരണം. കുടുക്കിയതാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് പോറ്റി പോലീസ് വാഹനത്തില്‍ കയറിയത്.
പത്തനംതിട്ട എആര്‍ ക്യാമ്പിലേക്കാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കൊണ്ടുപോയത്. ചോദ്യം ചെയ്യലിനുശേഷമായിരിക്കും തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുക. ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഒക്ടോബര്‍ 30വരെയാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്.
ശബരിമലയിലെ സ്വർണം കൈവശപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായെന്ന് എസ്ഐടിയുടെ റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നു. രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തി. ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് കൊള്ളയ്ക്ക് കൂട്ടുനിന്നു.
കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നടപടി ആചാര ലംഘനമാണ്. അനേകലക്ഷം തീർഥാടകരുടെ വിശ്വാസം ഹനിച്ചു.
കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ട്. സ്വർണ കൊള്ളയിൽ സ്മാർട്ട് ക്രിയേഷന് പങ്കുണ്ട്. സ്മാർട്ട് ക്രിയേഷന്റെ സഹായത്തോടെയാണ് സ്വർണം വേർതിരിച്ചതെന്നും എസ്ഐടി അറസ്റ്റ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. വലിയ അളവില്‍ ഉണ്ണികൃഷ്ണന് പോറ്റി സ്പോണ്സര്മാരില് നിന്നും സ്വര്‍ണം കൈപ്പറ്റിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ളവരുടെ ഒത്താശയോടെയാണ് ഉണ്ണികൃഷ്ണന് പോറ്റി ശബരിമലയിലെ സ്വര്‍ണം കൈക്കലാക്കിയത്. സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ അറ്റകുറ്റപ്പണി ചെയ്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിയമവിരുദ്ധമായി ഇളക്കിയെടുത്ത് കര്‍ണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി.
ആ സ്വര്‍ണപ്പാളി ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഈ സ്വര്‍ണത്തില്‍ ഒരു പങ്ക് ഉണ്ണികൃഷ്ണന് പോറ്റി കൈക്കലാക്കി. ഈ സ്വര്‍ണം കണ്ടെത്താന്‍ പോറ്റിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കോടതിയിൽ നിന്ന് പുറത്തിറക്കിയ ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരെ ബിജെപി പ്രവര്ത്തകൻ ചെരിപ്പെറിഞ്ഞു. ബിജെപി പ്രാദേശിക നേതാവാണ് ചെരിപ്പെറിഞ്ഞത്.