ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; ഇടക്കാല ഉത്തരവ് പുറത്ത്
Tuesday, October 21, 2025 6:26 PM IST
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ക്രിമിനൽ ഗൂഡാലോചന അന്വേഷിക്കണമെന്ന് എസ്ഐടി ക്ക് നിർദേശവും നൽകി.
ദേവസ്വം ബോർഡ് മിനിറ്റ്ട്സ് പിടിച്ചെടുക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും അന്വേഷണ സംഘത്തിന് നിർദേശം നൽകി. ദേവസ്വം ബോർഡിന്റെ താഴെത്തട്ടിലുള്ളവർ മാത്രമല്ല മേൽത്തട്ടിലുള്ള ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ വരണം.
സ്വർണ്ണം പൂശിയ ശേഷം നിറം മങ്ങിയപ്പോൾ ടെണ്ടർ പോലും വിളിക്കാതെ പോറ്റിയെ ഏൽപിച്ചു. ഇത് ദുരൂഹമാണ്. 2019ൽ സ്വർണ്ണം പൂശി കൊണ്ട് വന്നപ്പോൾ തിരുവാഭരണം രജിസ്റ്ററിയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്വർണ്ണപാളികളും, വശങ്ങളിലെ പാളികളും കൈമാറിയതിൽ ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരിൽ മാത്രം ഈ കേസ് ഒതുക്കരുതെന്നും മേൽത്തട്ടിലുള്ളവരുടെ പങ്കും പുറത്ത് വരണമെന്നും കോടതി ചൂണ്ടിക്കാട്ടി.