താമരശേരി സംഘര്‍ഷം; പത്തിലധികം വാഹനങ്ങൾ കത്തിനശിച്ചു, നാളെ ഹർത്താൽ
Wednesday, October 22, 2025 12:46 AM IST
കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിനിടെയുള്ള സംഘര്‍ഷത്തിൽ പത്തിലധികം വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. രണ്ട് വാഹനങ്ങൾ എറിഞ്ഞും അടിച്ചും തകർത്തു. ഒൻപത് ലോറി, ഒരു ഓട്ടോ, മൂന്ന് ബൈക്കുകളുമാണ് കത്തിനശിച്ചവയിൽപ്പെടും. മൂന്ന് ലോറികൾ പ്രതിഷേധക്കാർ തല്ലി തകർത്തിട്ടുണ്ട്.
നിലവിൽ ഫാക്ടറിയിലെ തീ പൂർണമായും അണച്ചു. നാല് മണിക്കൂറിന് ശേഷമാണ് തീ അണച്ചത്. മുക്കം, നരിക്കുനി എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനകൾ എത്തിയാണ് തീയണച്ചത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും പ്രദേശത്ത് നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, താമരശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
സംഘര്‍ഷത്തിൽ പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. മൂന്ന് പഞ്ചായത്തുകളിലെ ജനജീവിത്തെ ദുസഹമാക്കുന്നതാണ് ഇവിടെനിന്നു വമിക്കുന്ന ദുര്‍ഗന്ധമെന്നാണ് പരാതി.