താമരശേരി ഫ്രഷ് കട്ട് ഫാക്ടറി സംഘർഷം: 321 പേർക്കെതിരെ കേസെടുത്തു, ഇന്ന് ഹർത്താൽ
Wednesday, October 22, 2025 6:33 AM IST
കോഴിക്കോട്: താമരശേരി ഫ്രഷ് കട്ട് ഫാക്ടറി സമരത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ 321 പേർക്കെതിരെ കേസെടുത്ത് പോലീസ്. ബ്ലോക്ക് പഞ്ചായത്തംഗവും ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റുമായ ടി. മെഹറൂഫാണ് ഒന്നാം പ്രതി.
കലാപം, വഴിതടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കായി പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. ഏഴ് എഫ്ഐആർ താമരശേരി പോലീസ് രജിസ്റ്റർ ചെയ്തു. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും. കണ്ണൂർ റേഞ്ച് ഡിഐജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും പ്രദേശത്ത് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, താമരശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.