ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതി; അയ്യപ്പനെ ദർശിച്ചു
Wednesday, October 22, 2025 11:58 AM IST
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്നിധാനത്തെത്തി. തലയിൽ ഇരുമുടികെട്ടുമായി 18-ാം പടി ചവിട്ടിയ രാഷ്ട്രപതി, അയ്യപ്പനെ ദർശിച്ചു.
ഇരുമുടികെട്ടുമായി അംഗരക്ഷകരും രാഷ്ട്രപതിക്കൊപ്പമുണ്ട്. രാഷ്ട്രപതിയുടെയും അംഗരക്ഷകരുടെയും ഇരുമുടിക്കെട്ടുകൾ മേൽശാന്തി ഏറ്റുവാങ്ങി. തുടർന്ന് പൂജയ്ക്കായി ശ്രീകോവിലിനുള്ളിലേക്ക് എടുത്തു.
പമ്പ സ്നാനത്തിന് ശേഷം പമ്പ മേൽശാന്തിമാരുടെ നേതൃത്വത്തിൽ ഇരുമുടി കെട്ട് നിറച്ചതിന് ശേഷമാണ് രാഷ്ട്രപതി സന്നിധാനത്തേയ്ക്ക് യാത്ര തിരിച്ചത്.
ഗണപതി കോവിലിന് മുന്നിൽ നിന്നും പോലീസിന്റെ ഗൂർഖ ജീപ്പിലാണ് രാഷ്ട്രപതിയും സുരക്ഷാഉദ്യോഗസ്ഥരും സന്നിധാനത്തേക്ക് പുറപ്പെട്ടത്. അഞ്ച് വാഹനങ്ങളിലായി 20 അംഗ സുരക്ഷാഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയെ അനുഗമിക്കുന്നത്.