എൻഎസ്എസ് സപ്തദിന ക്യാമ്പ് ക്രിസ്മസിന് ശേഷം തുടങ്ങാൻ ഉത്തരവ്
Wednesday, December 21, 2022 9:15 PM IST
തിരുവനന്തപുരം: എൻഎസ്എസ് സപ്തദിന സഹവാസ ക്യാന്പ് എല്ലാ സ്കൂളുകളിലും ഡിസംബർ 26-ന് ആരംഭിച്ചാൽ മതിയെന്ന് ഉത്തരവ് നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ.
സംസ്ഥാനത്തെ സ്കൂളുകളിൽ ഡിസംബർ 24 മുതൽ എൻഎസ്എസ് ക്യാമ്പ് ആരംഭിക്കാനുള്ള നിർദ്ദേശം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 26 മുതൽ ക്യാന്പ് ആരംഭിക്കാനുള്ള അവസരം കൂടി സർക്കാർ നൽകിയിരുന്നു. എന്നാൽ ക്രൈസ്തവ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ക്രിസ്മസ് ദിവസം ക്യാംപിൽ പങ്കെടുക്കേണ്ടതായി വന്നേക്കാം എന്നുള്ള ആശങ്ക നിലനിന്നിരുന്നതിനാൽ ഈ തീരുമാനത്തോട് അനേകർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കാണുകയും ഈ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. അനുഭാവപൂർവ്വമായ ഇടപെടൽ നടത്താമെന്ന് മന്ത്രിമാർ കർദ്ദിനാളിനെ അറിയിച്ചിരുന്നു. തുടർന്നാണ് ക്യാമ്പ് തീയതിയിൽ മാറ്റം വരുത്തുന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്.