തോരണം കുരുങ്ങി പരിക്കേറ്റ സംഭവം; റോഡ് പൊതുമരാമത്ത് വകുപ്പിന്റേതെന്ന് കോര്പറേഷന്
Friday, December 23, 2022 9:43 AM IST
കൊച്ചി: തൃശൂര്‍ അയ്യന്തോളില്‍ റോഡിലെ ഡിവൈഡറില്‍ കെട്ടിയിരുന്ന തോരണം കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രക്കാരിക്കു പരിക്കേറ്റ സംഭവത്തില്‍ തൃശൂര്‍ നഗരസഭാ സെക്രട്ടറി ഇന്നു കോടതിയില്‍ ഹാജരാകും. ഇന്ന് നേരിട്ട് ഹാജരായി വിശദീകരണം നല്കാന് സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചിരുന്നു.
സെക്രട്ടറി റെബീസ് കുമാര്‍ കോടതിയില്‍ സത്യവാംഗ്മൂലം നല്‍കും. തോരണം കെട്ടിയിരുന്ന അയ്യന്തോളിലെ റോഡ് കോര്പറേഷന്റേതല്ലെന്നാണ് വാദം. ഈ റോഡ് പൊതുമാരാമത്ത് വകുപ്പിന്റേതാണെന്നാണ് കോര്‍പറേഷന്റെ നിലപാട്.
കിസാന്‍ സഭയ്ക്ക് തോരണം കെട്ടാന്‍ അനുമതി നല്‍കിയിരുന്നില്ല. ഫ്ലക്സ് വയ്ക്കാന്‍ മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്നും കോര്പറേഷന് കോടതിയെ അറിയിക്കും.
തൃശൂര്‍ കോടതിയിലെ അഭിഭാഷകയും കേച്ചേരി സ്വദേശിയുമായ കുക്കു ദേവകിക്കാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ പരിക്കേറ്റത്. അമിക്കസ് ക്യൂറിയാണ് സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.