നാഷണലിസ്റ്റിക് സ്റ്റാർ "മടങ്ങിവരുന്നു'; പൗരത്വം നേടാൻ അക്കി
Thursday, February 23, 2023 5:45 PM IST
മുംബൈ: വലതുപക്ഷ രാഷ്ട്രീയ സിനിമകളുടെ പോസ്റ്റർ ബോയ് എന്ന വിശേഷണം നേടിയെടുത്ത ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ഇന്ത്യൻ പൗരത്വം നേടാനൊരുങ്ങുന്നു. 1990-കൾ മുതൽ കനേഡിയൻ പാസ്പോർട്ട് കൈവശം വയ്ക്കുന്ന വ്യക്തിയാണ് കുമാർ.
റഫ് ആൻഡ് ടഫ് ആക്ഷൻ ചിത്രങ്ങളുമായി ബോളിവുഡിലെ "ഖിലാഡി'യായി തിളങ്ങി നിന്ന കാലത്ത് സംഭവിച്ച പരാജയങ്ങളാണ് കുമാറിനെ കാനഡിയിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചത്. തുടരെത്തുടരെ 15-ഓളം ചിത്രങ്ങൾ പരജായപ്പെട്ടതോടെയാണ് ചലച്ചിത്രാഭിനയം ഉപേക്ഷിക്കാൻ കുമാർ തീരുമാനിച്ചത്.
ഒരു സുഹൃത്തിന്റെ സഹായത്തോടെ കാനേഡിയൻ വീസയും പെർമനന്റ് റെസിഡൻസിയും കുമാർ നേടിയിരുന്നു. കാനഡയിലേക്ക് ചേക്കേറിയ ശേഷം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങൾ ഹിറ്റായതോടെ താരം ബോളിവുഡിലേക്ക് മടങ്ങിയെത്തി. പ്രിയദർശൻ ചിത്രങ്ങളിലൂടെ കോമഡി നായകനായി തിളങ്ങിയ വേളയിലും അക്കി കനേഡിയൻ പൗരത്വം ഉപേക്ഷിച്ചിരുന്നില്ല.
രാജ്യത്തെ സാഹചര്യങ്ങൾ മാറിയതോടെ പ്രോപഗാൻഡ എന്ന ആക്ഷേപം നേരിട്ട ചിത്രങ്ങളിൽ തുടർച്ചയായി അഭിനയിച്ച് താരം വിജയം നേടി. ഇതോടെ തീവ്രദേശീയത പറയുന്ന നായകന് ഇന്ത്യൻ പൗരത്വമില്ലെന്ന പരിഹാസം രൂക്ഷമായി. കാനേഡിയൻ കുമാർ എന്ന ആക്ഷേപമടക്കം താരം നേരിട്ടു.
ഇതിനിടെയാണ് കനേഡിയൻ പൗരത്വം ഉപേക്ഷിക്കാനും വീണ്ടും ഇന്ത്യൻ പൗരൻ ആകാനുമുള്ള തീരുമാനം കുമാർ പ്രഖ്യാപിച്ചത്. കാര്യങ്ങൾ അറിയാതെയാണ് ആളുകൾ തന്നെ വിമർശിക്കുന്നതെന്നും തനിക്ക് എല്ലാ സൗഭാഗ്യങ്ങളും തന്നെ രാജ്യത്തേക്ക് "മടങ്ങിവരാൻ' തീരുമാനമെടുത്തതായും കുമാർ അറിയിച്ചു.