ബിബിസിക്ക് പരോക്ഷ മുന്നറിയിപ്പുമായി എസ്. ജയശങ്കർ
Wednesday, March 1, 2023 5:52 PM IST
ന്യൂഡൽഹി: ആദായനികുതി വകുപ്പിന്റെ പരിശോധനകൾ നേരിട്ട ബിബിസിക്ക് പരോക്ഷ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളൂം നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്ന് ജയശങ്കർ മുന്നറിയിപ്പ് നൽകി.
യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി ഡൽഹിയിൽ വച്ച് നടത്തിയ ചർച്ചയിലാണ് ജയശങ്കർ ഈ പ്രസ്താവന നടത്തിയത്. ജി -20 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനിടെ നടന്ന പ്രത്യേക ചർച്ചയ്ക്കിടെയാണ് ബിബിസിയുടെ പേരെടുത്ത് പറയാതെ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ചർച്ചയ്ക്കിടെ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ നടന്ന റെയ്ഡിനെപ്പറ്റി ക്ലെവർലി സൂചിപ്പിച്ചിരുന്നു. ഇതിന് മറുപടി നൽകവേയാണ് ജയശങ്കർ നിലപാട് കടുപ്പിച്ചത്.