വിദേശികൾക്ക് പപ്പുവിനെ അറിയില്ല; രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി
Thursday, March 9, 2023 5:19 PM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പ്രകോപനപരമായ പ്രസ്താവനകൾ തുടരുന്ന രാഹുൽ ഗാന്ധി ദേശീയ ഐക്യത്തിന് അങ്ങേയറ്റം അപകടകാരിയാണെന്ന് കേന്ദ്രനിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
നരേന്ദ്ര മോദി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസ്താവനകളെ പരാമർശിച്ചുകൊണ്ടായിരുന്നു റിജിജുവിന്റെ പ്രസ്താവന. സ്വയം പ്രഖ്യാപിത കോണ്‍ഗ്രസ് രാജകുമാരൻ എല്ലാ പരിധികളും ലംഘിച്ചുവെന്നും റിജിജു ട്വിറ്ററിൽ കുറിച്ചു.
രാഹുൽ ഗാന്ധി "പപ്പു' ആണെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് അറിയാം എന്നാൽ അദ്ദേഹം യഥാർഥത്തിൽ പപ്പു ആണെന്ന് വിദേശികൾക്ക് അറിയില്ല. അദ്ദേഹത്തിന്റെ വിഡ്ഢിത്തമായ പ്രസ്താവനകളോട് പ്രതികരിക്കേണ്ട ആവശ്യമില്ല.
എന്നാൽ രാഹുലിന്റെ ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ഇന്ത്യാ വിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യുന്നുവെന്നാതാണ് പ്രശ്നമെന്നും റിജിജു കൂട്ടിച്ചേർത്തു.