അമൃത്പാൽ സിംഗ് പിടികിട്ടാപ്പുള്ളി: തെരച്ചിൽ ഊർജിതമാക്കി പഞ്ചാബ് പോലീസ്
Sunday, March 19, 2023 10:42 PM IST
ന്യൂഡൽഹി: ഖാലിസ്ഥാൻ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പഞ്ചാബ് പോലീസ്. അമൃത്പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതായി ജലന്ധർ പോലീസ് കമ്മീഷണർ കുൽദീപ് സിംഗ് ചാഹലാണ് വ്യക്തമാക്കിയത്.
അമൃത്പാൽ സിംഗിന്റെ അനുയായികളായ 78 പേർ പഞ്ചാബ് പോലീസിന്റെ പിടിയിലായതായാണ് റിപ്പോർട്ട്. അമൃത്പാൽ സിംഗിനായുള്ള തെരച്ചിലിനെ തുടർന്ന് പഞാബിൽ തിങ്കളാഴ്ച വരെ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകില്ല. എസ്എംഎസ് അയക്കുന്നതിനും നിയന്ത്രണമുണ്ട്.
പ്രദേശത്ത് കടുത്ത ജാഗ്രതാനിർദ്ദേശമാണ് പോലീസ് ഏർപ്പെടുത്തിയത്. ഞായറാഴ്ച മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അമൃത്പാൽ സിംഗ് പഞ്ചാബ് പോലീസിന്റെ വലയിലായെങ്കിലും രക്ഷപ്പെടുകയായിരുന്നു. അമൃത്പാലിന്റെ വാഹനങ്ങൾ പിടിച്ചെടുക്കുകയും തെരച്ചിൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.