ബിജെപിയുടെ ഒബിസി പ്രീണനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്: ഗെഹ്ലോട്ട്
Monday, March 27, 2023 2:52 AM IST
ന്യൂഡൽഹി: ബിജെപിയുടെ ഒബിസി പ്രീണനത്തെ പരിഹസിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഒബിസി സമുദായത്തിൽ ഉൾപ്പെടുന്ന തന്നെ മൂന്നു തവണ മുഖ്യമന്ത്രിയാക്കിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്നായിരുന്നു ഗെഹ്ലോട്ടിന്റെ പ്രതികരണം.
മുന്‍പ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഘട്ടത്തിലും നരേന്ദ്രമോദി കോണ്‍ഗ്രസിനെ തോൽപ്പിക്കുന്നതിന് ഒബിസി പ്രീണനം നടത്തിയിരുന്നു. പിന്നാക്ക വിഭാഗക്കാർക്കു കോണ്‍ഗ്രസ് നൽകിയ സേവനങ്ങൾ മറക്കാൻ രാജ്യത്തിനു കഴിയില്ല. ഒബിസി വിഭാഗമായ മാലി സമുദായത്തിൽ നിന്ന് രാജസ്ഥാൻ നിയമസഭയിലുള്ള ഏക വ്യക്തി താനാണെന്നും തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കിയതിലും വലിയ എന്തു സന്ദേശമാണു കോണ്‍ഗ്രസിന് ഒബിസി വിഭാഗക്കാർക്കു നൽകാനുള്ളതെന്നും ഗെഹ്ലോട്ട് ചോദിച്ചു.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഒബിസി വിഭാഗത്തിൽ നിന്നുള്ളയാളാണെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഒബിസി പ്രീണനമെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു. ഇന്നലെ രാജ്ഘട്ടിൽ നടന്ന കോണ്‍ഗ്രസ് സത്യഗ്രഹത്തിൽ ബിജെപിയുടെ ഒബിസി പ്രീണനം വ്യാജമാണെന്ന ഖാർഗെയുടെ പരാമർശത്തെ പിന്താങ്ങിയാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം.