രാഹുലിന്റെ അയോഗ്യത; പാര്‍ലമെന്റില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ഇരുസഭകളും നിര്‍ത്തിവച്ചു
Monday, March 27, 2023 11:59 AM IST
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു. ഒരു മിനിറ്റ് മാത്രമാണ് ഇരുസഭകളും ചേര്‍ന്നത്.
ബഹളം തുടര്‍ന്നതോടെ സഭാനടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.ലോക്സഭ നാല് വരെയും രാജ്യസഭ 2 വരെയുമാണ് നിര്‍ത്തിവച്ചത്.
ലോക്സഭയില്‍ സ്പീക്കര്‍ എത്തിയ ഉടനെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. രാഹുലിനെ അയോഗ്യനാക്കിയ ഉത്തരവ് സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷം കീറി എറിഞ്ഞു. പ്ലക്കാര്‍ഡുകളും ചെയറിന് നേരെ കീറി എറിഞ്ഞു.
വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. മനീഷ് തിവാരി എംപിയാണ് നോട്ടീസ് നല്‍കിയത്.
രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. രാജ്യസഭയില്‍ രാഹുലിനെതിരായ നടപടി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം നോട്ടീസ് നല്കി. ബിനോയ് വിശ്വം എംപിയാണ് നോട്ടീസ് നല്‍കിയത്.
ഇരുസഭകളിലെയും എംപിമാര്‍ അല്പസമയത്തിനകം പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും. അവിടെനിന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും.
പ്രതിഷേധസൂചകമായി കറുത്ത വസ്ത്രവും മാസ്കും ധരിച്ചാണ് കോണ്‍ഗ്രസ് എംപിമാര്‍ ഇരുസഭകളിലും എത്തിയത്.