വീട്ടമ്മയെ ആക്രമിച്ച കേസ്: പ്രതി ഇപ്പോഴും കാണാമറയത്ത്
Monday, March 27, 2023 5:29 PM IST
തിരുവനന്തപുരം: പാറ്റൂരിൽ വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാനുള്ള പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. പ്രതി ഇപ്പോഴും കാണാമറയത്ത് സുരക്ഷിതനായി കഴിയുന്നു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നന്പറോ പ്രതിയുടെ മുഖമോ തിരിച്ചറിയാൻ പോലീസിന് സാധിച്ചിട്ടില്ല.
പ്രതിയുടെ രേഖാചിത്രം തയാറാക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഒടുവിൽ ശ്രമം ഉപേക്ഷിച്ചു. പ്രതിയെകുറിച്ചുള്ള വിവരങ്ങൾ മറ്റാരിൽനിന്നു ലഭിക്കാത്തതാണ് രേഖാചിത്രം തയാറാക്കാനുള്ള ഉദ്യമം ഉപേക്ഷിക്കാൻ കാരണം.
അക്രമി വീട്ടമ്മയെ പിന്തുടർന്നെത്തിയാണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായെങ്കിലും ഇയാൾ സഞ്ചരിച്ച സ്കൂട്ടറിന്റെ നന്പർ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പ്രധാന റോഡുകളിലും ഇടറോഡുകളിലും സ്വകാര്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചെങ്കിലും പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായില്ല. പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ഈ മാസം 13ന് രാത്രി പതിനൊന്നിനാണ് മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങാനായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത വീട്ടമ്മ ആക്രമണത്തിനിരയായത്. പ്രതിയെ ഇതുവരെ പിടികൂടാൻ പോലീസിന് സാധിക്കാത്തതിൽ തലസ്ഥാന നഗരവാസികൾക്ക് ആശങ്കയുണ്ട്.