അരിക്കൊമ്പനെ മയക്കുവെടിവച്ച് കൂട്ടിലടയ്ക്കുന്നതു വിലക്കി ഹൈക്കോടതി
Wednesday, March 29, 2023 9:52 PM IST
കൊച്ചി: ചിന്നക്കനാലില്‍ നാശം വിതച്ച അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി ആനക്കൂട്ടില്‍ അടയ്ക്കുന്നതു വിലക്കിയ ഹൈക്കോടതി. ആനയെ പിടികൂടുന്നതിനു പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോ എന്നു പരിശോധിച്ചു റിപ്പോര്‍ട്ടു നല്കാന് അഞ്ചംഗ വിദഗ്ധ സമിതിക്കും ഹൈക്കോടതി രൂപം നല്കി.
അരിക്കൊമ്പന്റെ വിവരങ്ങള്‍ മൂന്നു ദിവസത്തിനകം സമിതിക്ക് കൈമാറാൻ നിർദേശിച്ച ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച്, സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനായി ഹര്‍ജി ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി.
കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര്. എസ്. അരുണ്‍, പ്രോജക്ട് ടൈഗര്‍ സിസിഎഫ് എച്ച്.പ്രമോദ്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ.എന്‍.വി.കെ. അഷറഫ്, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. പി.എസ്.ഈശ, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍.
മദപ്പാടിലുള്ള അരിക്കൊമ്പന് നാശനഷ്ടങ്ങളുണ്ടാക്കുന്നതു തടയാന്‍ നിരീക്ഷണം ശക്തമാക്കണമെന്ന് കോടതി പറഞ്ഞു. ജനവാസ മേഖലകളിലിറങ്ങി ശല്യമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം, ഇതിനായി കുങ്കി ആനകളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചിന്നക്കനാലില്‍ തുടരണം.
തുടര്‍ന്നും പ്രശ്നമുണ്ടാക്കിയാല്‍ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍ക്കാട്ടിലേക്ക് കയറ്റിവിടണമെന്നും ഇതിനുശേഷവും ആന എവിടെയുണ്ടെന്ന് നിരീക്ഷണം തുടരണമെന്നും ഉത്തരവ് പറയുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ടു തയാറാക്കുമ്പോള്‍ ഈ മേഖലയിലുള്ളവരുടെയും വന്യജീവികളുടെയും താത്പര്യങ്ങള്‍ പരിഗണിക്കണമെന്നും കോടതി പറഞ്ഞു.