ദഹി ദഹിച്ചില്ല; തൈരിൽ ഹിന്ദി കലർത്താനുള്ള തീരുമാനം പിൻവലിച്ചു
Thursday, March 30, 2023 7:25 PM IST
ന്യൂഡല്ഹി: തൈരിനെ ഹിന്ദിയിലാക്കണമെന്ന കേന്ദ്ര നിർദേശം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. തൈര് പാക്കറ്റുകളിൽ ദഹി എന്ന് നിർബന്ധമായും ചേർക്കണമെന്ന നിർദേശമാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി പിൻവലിച്ചത്. തൈര് പാക്കറ്റില് ദഹി എന്നെഴുതണമെന്നും പ്രാദേശിക ഭാഷകളിലെ വാക്കുകള് ബ്രാക്കറ്റില് മതിയെന്നുമായിരുന്നു നിര്ദേശം.
തൈരിന്റെ ഇംഗ്ലീഷ് വാക്കായ ‘CURD' എന്നെഴുതുന്നതിനൊപ്പം പ്രാദേശിക ഭാഷയിലുമെഴുതാമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഹിന്ദി വാക്ക് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട്ടിലും കർണാടകയിലും പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം മാറ്റിയത്.
ഹിന്ദി അടിച്ചേല്പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അംഗീകരിക്കില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പറഞ്ഞു. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്ദേശം അംഗീകരിക്കില്ലെന്ന് തമിഴ്നാട്ടിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ ആവിനും നിലപാടെടുത്തു. തമിഴ് വാക്കു തന്നെയായിരിക്കും പാക്കറ്റില് അച്ചടിക്കുകയെന്ന് ആവിന് അറിയിച്ചു.