വൈക്കം സത്യഗ്രഹം: ചാതുർ വർണ്യത്തിനെതിരായ യുദ്ധകാഹളമെന്ന് പിണറായി; ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമെന്ന് സ്റ്റാലിൻ
Saturday, April 1, 2023 7:53 PM IST
കോട്ടയം: ചാതുർ വർണ്യത്തിനെതിരായ യുദ്ധകാഹളമാണ് വൈക്കത്ത് മുഴങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സംസ്ഥാന സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇരുവരും.
ഭിന്നിപ്പിന്റെ ശക്തികള്‍ക്ക് കരുത്തുകൂടുന്ന കാലത്ത് കൂടൂതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വൈക്കം സത്യഗ്രഹം കരുത്തുപകരുമെന്ന് സ്റ്റാലിൻ പറഞ്ഞു. വൈക്കം കേരളത്തിലാണെങ്കിലും തമിഴ്നാട്ടിലും വലിയ ആവേശമുണ്ടാക്കിയ സ്ഥലമാണ്. വൈക്കം സത്യഗ്രഹം ഇന്ത്യക്ക് തന്നെ വഴികാട്ടിയ പോരാട്ടമാണ്. വൈക്കം സത്യഗ്രഹം തമിഴ്നാട്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വലിയ ആവേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം തമിഴ്നാട്-കേരള സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് ആഘോഷിക്കാമെന്ന് താന്‍ ആശയം പങ്കുവച്ചിരുന്നു. അവിടെവെച്ചുതന്നെ പിണറായി വിജയന് തന്നെ ക്ഷണിച്ചു. ഉടല് കൊണ്ട് രണ്ടാണെങ്കിലും ചിന്തകൊണ്ട് തങ്ങള്‍ ഒന്നാണെന്ന് അപ്പോഴെ അദ്ദേഹം തെളിയിച്ചു. പ്രിയപ്പെട്ട് സഹോദരന് പിണറായി വിജയന് ക്ഷണിച്ചപ്പോള്‍ ഒന്നും താന്‍ വരാതിരുന്നിട്ടില്ല- അദ്ദേഹം പറഞ്ഞു.
നവോത്ഥാന പോരാട്ടങ്ങൾ ഒറ്റതിരിഞ്ഞ് നടത്തേണ്ടതല്ലെന്ന് പിണറായി പറഞ്ഞു. സമരങ്ങളിൽ തമിഴ്നാടിനും കേരളത്തിനും ഓരേ പാരമ്പര്യമാണ്. സാമുദായിക രാഷ്ട്രീയ നേതൃത്വത്തിലുണ്ടായ അപൂർവ സമരമായിരുന്നു വൈക്കത്തേതെന്നും പിണറായി കൂട്ടിച്ചേർത്തു.
ഒന്നിച്ചുനിന്നുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തുകൂടുമെന്ന സന്ദേശമാണ് വൈക്കം സത്യഗ്രഹം നല്‍കുന്നത്. കേരളവും തമിഴ്നാടും തമ്മില്‍ സമരകാലത്തുണ്ടായ ഐക്യം വരുംകാലത്തും തുടരും. രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള ഊഷ്മളമായ സൗഹാര്‍ദ അന്തരീക്ഷം രാജ്യത്തിന് തന്നെ മാതൃകയാണെന്നും പിണറായി വിജയന് പറഞ്ഞു.
വൈകുന്നേരം നാലോടെ വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്മാരകത്തിലെത്തിയ സ്റ്റാലിനും പിണറായിയും സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വേദിയിലേക്കെത്തിയത്.