പ്രവാസി ഹജ്ജ് തീർഥാടകരുടെ പാസ്പോർട്ട് സമർപ്പിക്കൽ ഒഴിവാക്കണം: കെ. സുധാകരൻ
Tuesday, April 25, 2023 1:12 AM IST
കണ്ണൂർ: ഹജ്ജ് തീർഥാടനത്തിനു സർക്കാർ ക്വോട്ട വഴി തെരഞ്ഞെടുക്കപ്പെട്ട പ്രവാസികളുടെ പാസ്പോർട്ട് സമർപ്പിക്കുന്നത് ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു.
ഇ-വിസ സൗകര്യം ലഭ്യമായിതനാല് പാസ്പോർട്ടിൽ വിസ സ്റ്റാമ്പിംഗ് ആവശ്യമില്ല. എന്നിട്ടും തീർഥാടകര്‍ അവരുടെ ഒറിജിനൽ പാസ്പോർട്ട് ഹജ്ജ് കമ്മിറ്റിക്കു സമർപ്പിക്കുന്നതാണ് നിലവിലെ നടപടിക്രമം. ഇത്തരത്തില്‍ അനാവശ്യമായി പാസ്പോർട്ട് സമർപ്പിക്കുന്നത് പ്രവാസികളായ മലയാളി തീർഥാടകർക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇവരിൽ നല്ലൊരു ശതമാനവും ആദ്യ ഗഡു ആദ്യമേ അടച്ചവരാണ്.
ഈ രീതിയില്‍ നേരത്തെ പാസ്പോർട്ട് സമർപ്പിക്കുമ്പോള്‍ 40 ദിവസത്തെ കാലാവധിക്കു പകരം 60-70 ദിവസം ഹജ്ജിനായി ആകെ ലീവെടുക്കേണ്ടി വരുന്നു. അത് അവരുടെ ജോലിയെ ഉൾപ്പെടെ ബാധിക്കുന്ന സ്ഥിതിയാണ്. അതിനാല്‍ പ്രവാസി തീർഥാടകരുടെ സൗകര്യത്തിനായി ഇ-വിസ ലഭ്യത കണക്കിലെടുത്ത് പാസ്പോർട്ട് സമർപ്പിക്കുന്നതിന് കൂടുതൽ സമയം നീട്ടുകയോ പാസ്പോർട്ട് സമർപ്പിക്കൽ രീതി ഒഴിവാക്കുകയോ ചെയ്യണമെന്നു സുധാകരൻ ആവശ്യപ്പെട്ടു.