പഞ്ചരാഷ്ട്ര ടൂർണമെന്റിനൊരുങ്ങി ബിസിസിഐ; ഏഷ്യാ കപ്പ് റദ്ദാക്കിയേക്കും
Tuesday, May 2, 2023 6:42 PM IST
മുംബൈ: ഈ വർഷം സെപ്റ്റംബറിൽ പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് റദ്ദാക്കിയേക്കും. ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താമെന്ന നിർദേശം പിസിബി മുന്നോട്ടുവച്ചിരുന്നു.
എന്നാൽ ഇതിനോടു ബിസിസിഐയ്ക്ക് യോജിപ്പില്ല. ഇതോടെയാണ് ടൂർണമെന്റ് റദ്ദാക്കാനുള്ള ആലോചനകൾ പിസിബി ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ പുറത്തുവച്ച് നടത്തുന്ന ഹൈബ്രിഡ് മോഡലിൽ ഏഷ്യാ കപ്പ് നടത്താം എന്നതിലുറച്ചു നിൽക്കുകയാണ് പിസിബി.
എന്നാൽ പൂർണമായി വേദി മാറ്റുന്നതിനോട് പിസിബിക്ക് യോജിപ്പില്ല. ടൂർണമെന്റ് ഹൈബ്രിഡ് മാതൃകയിൽ സംഘടിപ്പിക്കാൻ പിസിബി തീരുമാനിച്ചാൽ ഏഷ്യാ കപ്പ് നടന്നേക്കില്ലെന്ന് ക്രിക്കറ്റ് പാക്കിസ്ഥാൻ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ, അഞ്ച് രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു ടൂർണമെന്റിന് ബിസിസിഐ തയാറെടുക്കുകയാണെന്നും സൂചനയുണ്ട്. ഏഷ്യാ കപ്പ് നടക്കുന്ന അതേസമയത്താവും ഈ ടൂർണമെന്റ് നടക്കുക.
ഏഷ്യാ കപ്പ് റദ്ദാക്കിയാൽ 2025ലെ ചാമ്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ടും പിസിബിക്ക് തിരിച്ചടിനേരിടുമെന്നാണ് കരുതപ്പെടുന്നത്.