കുനോ ദേശീയ ഉദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു
Tuesday, May 9, 2023 10:52 PM IST
ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽനിന്നു കൊണ്ടുവന്ന് മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ പാർപ്പിച്ചിരുന്ന ഒരു ചീറ്റ കൂടി ചത്തു. ദക്ഷയെന്ന പെൺ ചീറ്റയാണ് ചത്തത്. മറ്റൊരു ചീറ്റയുടെ ആക്രമണത്തിലാണ് ദക്ഷ ചത്തത്.
കുനോ ദേശീയ ഉദ്യാനത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന ചീറ്റകളിൽ മൂന്നെണ്ണം മൂന്നു മാസത്തിനിടെ ചത്തു. 20 ചീറ്റകളെയാണ് അടുത്തിടെ കുനോ ദേശീയ ഉദ്യാനത്തിൽ കൊണ്ടുവന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതിൽ രണ്ടെണ്ണം ചത്തിരുന്നു.
സാഷയെന്ന ചീറ്റയാണ് ആദ്യം ചത്തത്. ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് തന്നെ ഇതിന് വൃക്കരോഗം ബാധിച്ചിരുന്നു. മാർച്ചിൽ രോഗം കലശലായി ചത്തു.
ഏപ്രിലിൽ, ഉദയ് എന്ന ചീറ്റയാണ് ചത്തത്. അസുഖംബാധിച്ച് ചികിത്സയിലായിരുന്നു. പ്രതിദിന പരിശോധനയിൽ ചീറ്റയെ അവശനായി കാണപ്പെട്ടു. എഴുന്നേൽക്കാൻ കഴിയാത്ത വിധം ക്ഷീണിതനായിരുന്നു. തുടർന്ന് ചികിത്സ നൽകിയെങ്കിലും ചത്തു.