ഗിൽ അടിച്ചു തകർത്തു, ഷമിയും മോഹിത്തും എറിഞ്ഞിട്ടു; ഗുജറാത്തിന് ജയം
Monday, May 15, 2023 11:58 PM IST
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് 34 റണ്‍സിന്റെ വിജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ശുഭ്മാൻ ഗില്ലിന്റെ (101) സെഞ്ചുറി മികവിൽ നിശ്ചിത ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 189 റണ്‍സ് നേടി. ഒരു സിക്സും 13 ഫോറും സഹിതമായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. സായി സുദർശൻ 47 റണ്‍സ് നേടി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 147 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഒരു ഘട്ടത്തിൽ അനായാസേന 200 കടക്കുമെന്ന തോന്നിപ്പിച്ച ഗുജറാത്തിനു അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് വീണതു വിനയായി. അവസാന ആറോവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 40 റണ്‍സ് മാത്രമാണു ടൈറ്റൻസിനു നേടാൻ കഴിഞ്ഞത്. അവസാന ഓവറിൽ നാലു വിക്കറ്റ് വീണു. ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ അഞ്ചു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനായി ഹെന്റിച്ച് ക്ലാസെൻ ഒഴികെ ആർക്കും താളം കണ്ടെത്താനായില്ല. ക്ലാസെൻ 44 പന്തിൽ 64 റൺസെടുത്തു. ഐഡൻ മാക്രം പത്ത് റണ്‍സും ഭൂവനേശ്വർ കുമാർ 27ഉം മായങ്ക് മാർക്കണ്ടെ പുറത്താകാതെ 18 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
ഗുജറാത്തിനായി മുഹമ്മദ് ഷമിയും മോഹിത് ശർമയും നാല് വിക്കറ്റ് വീതം വീഴ്ത്തി.