ചെന്നൈ പ്ലേഓഫിൽ
Saturday, May 20, 2023 10:48 PM IST
ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പ്ലേഓഫ് ഉറപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. ഡൽഹി ക്യാപിറ്റൽസിനെ 77 റണ്‍സിനു തോൽപ്പിച്ചാണ് ചെന്നൈ പ്ലേഓഫിലെത്തിയത്. സ്കോർ: ചെന്നൈ 223-3 (20), ഡൽഹി 146-9 (20).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഋതുരാജ് ഗെയ്ക്വാദിന്റെയും ഡെവോണ്‍ കോണ്‍വേയുടെയും തകർപ്പൻ പ്രകടനത്തിലൂടെയാണ് 223 റണ്‍സിലെത്തിയത്. ഗെയ്ക്വാദ് 50 പന്തിൽ 79 റണ്‍സും കോണ്‍വേ 52 പന്തിൽ 87 റണ്‍സുമെടുത്തു. ഇരുവരും ചേർന്ന് 141 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പടുത്തുയർത്തത്. ശിവം ദുബെ ഒൻപത് പന്തിൽ 22 റണ്‍സും നേടി. മഹേന്ദ്ര സിംഗ് ധോണിയും രവീന്ദ്ര ജഡേജയും പുറത്താകാതെ യഥാക്രമം അഞ്ചും ഇരുപതും റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്കായി നായകൻ ഡേവിഡ് വാർണർ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. വാർണർ 58 പന്തിൽ 86 റണ്‍സെടുത്തു. യാഷ് ദുൾ 13ഉം അക്സർ പട്ടേൽ 15ഉം റണ്‍സെടുത്തു. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
ചെന്നൈയ്ക്കായി ദീപക് ചഹാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. മഹിഷ് തീക്ഷ്ണയും മതീഷ പതിരണയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ജയത്തോടെ 14 മത്സരത്തിൽനിന്നും 17 പോയിന്റുമായി ചെന്നൈ പ്ലേഓഫ് ഉറപ്പിച്ചു.