കിന്‍ഫ്ര പാര്‍ക്കിലെ തീപിടിത്തം: അട്ടിമറി സാധ്യത സംശയിക്കുന്നില്ലെന്ന് കെഎംഎസ്സിഎല് എംഡി
Tuesday, May 23, 2023 10:28 AM IST
തിരുവനന്തപുരം: തുന്പ കിന്‍ഫ്രാ പാര്‍ക്കില്‍ മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് സംഭരണ കേന്ദ്രത്തിന് തീപിടിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത സംശയിക്കുന്നില്ലെന്ന് കെഎംഎസ്സിഎല് എംഡി ജീവന് ബാബു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു
കൊല്ലത്ത് തീപിടിത്തം ഉണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണശാലയില്‍ നിന്നും ബ്ലീച്ചിംഗ് പൗഡര്‍ മാറ്റിവയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ബ്ലീച്ചിംഗ് പൗഡര്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ല. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കാലാവധി കഴിഞ്ഞ മരുന്നും രാസപദാര്‍ഥങ്ങളും ഒരുമിച്ച് സൂക്ഷിച്ചത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും. ബ്ലീച്ചിംഗ് പൗഡര്‍ ഗുണനിലവാര പരിശോധനയ്ക്ക് അയയ്ക്കുമെന്നും എംഡി അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രത്തിൽ വന്‍ തീപിടിത്തമുണ്ടായത്. ഗോഡൗണ്‍ വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിട അവശിഷ്ടം ശരീരത്തിലേക്ക് വീണ് ഫയര്‍ഫോഴ്സ് ജീവനക്കാരന് മരിച്ചു. ചാക്ക യൂണിറ്റിലെ ഫയര്മാന് ജെ.എസ്. രഞ്ജിത്താണ് മരിച്ചത്.