മതപഠനകേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ
Wednesday, May 31, 2023 12:38 PM IST
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പൂന്തുറ സ്വദേശിയായ യുവാവ് അറസ്റ്റിൽ.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗീകപീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടുവിളാകം പുരയിടം വീട്ടിൽ ഹാഷിം (20)നെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആറ് മാസം മുമ്പെങ്കിലും പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടി മതപഠന കേന്ദ്രത്തിൽ എത്തുന്നതിന് മുമ്പാണ് പീഡനത്തിന് ഇരയായതെന്നാണ് നിഗമനം.
യുവാവുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തിയതോടെയാണ് കുട്ടിയെ മതപഠനകേന്ദ്രത്തിലേക്ക് മാറ്റിയതെന്നും കുട്ടി മാനസിക പീഡനത്തിന് ഇരയായതായും പോലീസ് സംശയിക്കുന്നു. പെൺകുട്ടിയുമായി ഏറെ നാളത്തെ അടുപ്പമുണ്ടെന്നും ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ഹാഷിമിന്റെ മൊഴി.
കഴിഞ്ഞ മാസം 13-നാണ് പെൺകുട്ടിയെ അൽ അമാൻ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ അറബി കോളജിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മതപഠനശാലയിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് ഇവർ പരാതി നൽകുകയും ചെയ്തിരുന്നു.