ഒഡീഷ ദുരന്തം: റെയില്‍വേ മന്ത്രി രാജി വയ്ക്കണമെന്ന് കെ.സുധാകരന്
Saturday, June 3, 2023 11:10 AM IST
തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നാണ് ഒഡീഷയില്‍ സംഭവിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി രാജി വയ്ക്കണമെന്ന് സുധാകരന് ആവശ്യപ്പെട്ടു.
ആദ്യ അപകടം ഉണ്ടായതിനു ശേഷം സിഗ്നലിംഗ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടതുകൊണ്ടാണ് വീണ്ടും അപകടം ഉണ്ടായി ദുരന്തത്തിന്റെ ആഘാതം കൂടിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും സുധാകരന് ആരോപിച്ചു.
അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണെന്നും സുധാകരന് പറഞ്ഞു.
അതേസമയം ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 കടന്നു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.