വിംബിൾഡണിൽ പണകിലുക്കം; സമ്മാനത്തുക ഉയരും
Wednesday, June 14, 2023 6:08 PM IST
ലണ്ടൻ: വിംബിൾഡൺ ജേതാക്കൾക്കുള്ള സമ്മാനത്തുക ഉയർത്തി സംഘാടകരായ ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ്.
കഴിഞ്ഞ വർഷത്തെ സമ്മാനത്തുകയിൽ നിന്ന് 11 ശതമാനത്തിന്റെ വർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുരുഷ, വനിതാ സിംഗിൾസ് മത്സരങ്ങളിലെ ജേതാക്കൾക്ക് 2.35 മില്യൺ പൗണ്ട് ആണ് സമ്മാനത്തുകയായി ലഭിക്കുക. നേരത്തെ ഇത് രണ്ട് മില്യൺ പൗണ്ട് ആയിരുന്നു.
ടൂർണമെന്റിൽ വിതരണം ചെയ്യുന്ന ആകെ സമ്മാനത്തുക 44.7 മില്യൺ പൗണ്ട് ആയി ഉയർന്നതായും ആദ്യ റൗണ്ടിൽ പരാജയപ്പെടുന്ന മത്സരാർഥികൾക്ക് 50,000 പൗണ്ട് സമ്മാനത്തുക ഉറപ്പാക്കുമെന്നും സംഘാടകർ അറിയിച്ചു.