സ്പീക്കറുടെ ഓഫീസിന് മുന്നിലെ കൈയാങ്കളി; ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് നോട്ടീസ്
Friday, June 23, 2023 3:56 PM IST
തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിലെ കൈയാങ്കളിയില്‍ ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസ്. വട്ടിയൂര്‍ക്കാവ് എംഎല്‍എയും സിപിഎം നേതാവുമായ വി.കെ.പ്രശാന്ത് നല്കിയ പരാതിയിലാണ് നടപടി.
റോജി എം.ജോണ്‍, സനീഷ്കുമാര് ജോസഫ്, അന്‍വര്‍ സാദത്ത്, ടി.സിദ്ദിഖ്, എ.കെ.എം.അഷ്റഫ്, മാത്യു കുഴല്നാടന് എന്നിവര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എത്തിക്സ് കമ്മിറ്റി യോഗം പരാതി പരിശോധിച്ച ശേഷം വിശദീകരണം തേടാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം സ്പീക്കറെ കാണാന്‍ പോയ പ്രതിപക്ഷ എംഎല്‍എമാരെ ഭരണകക്ഷി എംഎല്‍എമാര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന് കാട്ടി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയില്‍ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.