ബസിലെ കൊടികുത്തി സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് മർദനം
Sunday, June 25, 2023 6:31 PM IST
കോട്ടയം: തിരുവാർപ്പിലെ ബസ് ഉടമക്കെതിരായ സിഐടിയു നടത്തിവന്ന സമരം പിൻവലിച്ചത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ സിപിഎം അനുയായികൾ മർദിച്ചു.
മാതൃഭൂമി പ്രാദേശിക ലേഖകൻ എസ്.ഡി. റാമിനാണ് മർദനമേറ്റത്. ഇദ്ദേഹത്തെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊഴിൽ തർക്കത്തെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവാര്‍പ്പ് - കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന് മുന്നിൽ കൊടികുത്തി സമരം ആരംഭിച്ചത്. പിന്നാലെ ബസുടമ കോടതിയെ സമീപിച്ചു.
പോലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താന്‍ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ ബസുടമ രാജ്മോഹനെ സിഐടിയു നേതാവ് മർദിച്ചു.
പോലീസ് കാഴ്ചക്കാരായി നിൽക്കുമ്പോഴാണ് മർദനമേറ്റത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു.
പിന്നീട് നേതാവ് സ്വന്തം വാഹനത്തിൽ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെ.ആർ അജയ് ആണ് ഇയാളെ മർദിച്ചത്.
അനാവശ്യ കൂലി വർധന ആവശ്യപ്പെട്ട് സിഐടിയു ബുദ്ധിമുട്ടിക്കുന്നെന്ന് ആരോപിച്ച് ഒരാഴ്ചയായി രാജ്മോഹൻ ബസിന് മുന്നിൽ ലോട്ടറി വിറ്റ് പ്രതിഷേധം നടത്തിയിരുന്നു.