ജപ്പാൻ ഓപ്പണ്‍: സിന്ധു പുറത്ത്; ലക്ഷ്യ മുന്നോട്ട്
Wednesday, July 26, 2023 10:19 PM IST
ടോക്കിയോ: 2023 ജപ്പാൻ ഓപ്പണ്‍ ബാഡ്മിന്റണിൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ. ഇന്ത്യൻ താരമായ പ്രിയാൻഷു രജാവത്തിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ലക്ഷ്യ സെന്നിന്റെ മുന്നേറ്റം. സ്കോർ: 21-15, 12-21, 24-22.
പ്രീക്വാർട്ടറിൽ ജാപ്പനീസ് താരം കെന്റ സുനെയാമയാണ് ലക്ഷ്യ സെന്നിന്റെ എതിരാളി. പുരുഷ ഡബിൾസിൽ ലോക രണ്ടാം റാങ്കുകാരായ സാത്വിക്സായ് രാജ് - ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
അതേസമയം, വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ആദ്യറൗണ്ടിൽ പരാജയപ്പെട്ട് പുറത്തായി. ചൈനയുടെ ഹാങ് യി മനിനോട് നേരിട്ടുള്ള ഗെയിമിനായിരുന്നു സിന്ധുവിന്റെ തോൽവി. സ്കോർ: 21-12, 21-13.