കൊടുത്ത നെല്ലിന്റെ പണത്തിനായി കർഷകർ പട്ടിണി കിടക്കുന്നുവെന്ന് ജയസൂര്യ; കടമെടുത്ത് പണം നൽകിയെന്ന് മന്ത്രി
Wednesday, August 30, 2023 6:53 PM IST
കൊച്ചി: കൊടുത്ത നെല്ലിന്റെ പണത്തിനായി കർഷകർ പട്ടിണി കിടക്കുന്നുവെന്ന് വിമര്‍ശിച്ച നടന് ജയസൂര്യയ്ക്ക് മറുപടിയുമായി കൃഷി മന്ത്രി പി. പ്രസാദ് രംഗത്ത്. കേന്ദ്ര വിഹിതം ലഭിക്കാത്തപ്പോൾ കടമെടുത്ത് പണം നൽകിയെന്ന് പ്രസാദ് പറഞ്ഞു.
കഴിഞ്ഞ ദിവസം കൃഷി മന്ത്രി പി. പ്രസാദിനെയും വ്യവസായ മന്ത്രി പി. രാജീവിനെയും വേദിയിലിരുത്തിയാണ് സര്‍ക്കാരിനെ ജയസൂര്യ വിമർശിച്ചത്. കൃഷിക്കാരുടെ പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസിലാക്കണം. തന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ്, കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം കൊടുത്തിട്ടില്ല.
തിരുവോണനാളില്‍ അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നാണ് മന്ത്രിമാര്‍ പറയുന്നത്.
സാറ് ഒരു കാര്യം മനസിലാക്കണം. തിരുവോണ ദിവസും കൊടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണുന്ന മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്നത്തില്‍ അതിവേഗം സര്‍ക്കാര്‍ ഇടപെടണമെന്നായിരുന്നു ജയസൂര്യയുടെ പരാമർശം.
കേരളം മാത്രമാണ് നെൽകർഷകർക്ക് ഇത്രയും സഹായം നൽകുന്നതെന്ന് മന്ത്രി പി. പ്രസാദ് മറുപടി പറഞ്ഞു. കേന്ദ്ര വിഹിതം ലഭിക്കാത്തപ്പോൾ കടമെടുത്ത് പണം നൽകി. രാഷ്ട്രീയ പ്രേരിതമായ ആരോപണമാണിത്.
സംഭരണ ഘട്ടത്തിൽ തന്നെ പണം നൽകൽ അനിവാര്യമാണ്. പണം ലഭിക്കുന്നതിന് താമസം നേരിടുമ്പോൾ ബാങ്കിനെ സമീപിക്കുന്നത് അതുകൊണ്ടാണ്. ഇടപെടലിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതാണ്. സംസ്ഥാന വിഹിതം ഓണത്തിന് മുൻപ് കൊടുത്തു തീർത്തതാണ് എന്നും മന്ത്രി പറഞ്ഞു.