"ഇന്ത്യ' മുന്നണി യോഗം ഇന്നും നാളെയും മുംബൈയിൽ; 28 പാർട്ടികൾ പങ്കെടുത്തേക്കും
Thursday, August 31, 2023 7:39 AM IST
മുംബൈ: രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ‘ഇന്ത്യ’ മുന്നണിയുടെ മൂന്നാമത്തെ യോഗം ഇന്നും നാളെയുമായി മുംബൈയിൽ നടക്കും. 28 പാർട്ടികളുടെ 63 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് എൻസിപി അധ്യ ക്ഷൻ ശരദ് പവാർ പറഞ്ഞു. സീറ്റ്വിഭജനം സംബന്ധിച്ച് ഇന്ത്യ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നു പവാർ കൂട്ടിച്ചേർത്തു.
മുംബൈയിലെ ഗ്രാൻഡ് ഹയാത് ഹോട്ടലിൽ വൈകുന്നേരം നാലിന് എംവിഎ മുന്നണിയുടെ വാർത്താസമ്മേളനത്തോടെ യോഗം ആരംഭിക്കും. ഇന്ന് അനൗപചാരിക യോഗമാണ് നടക്കുക. തുടർന്ന് ഉദ്ധവ് താക്കറെയുടെ അത്താഴവിരുന്ന്. നാളെയാണ് ഔപചാരിക ചർച്ച നടക്കുക. ഇന്ത്യ മുന്നണിയുടെ ഔദ്യോഗിക ലോഗോ പ്രകാശനവും നാളെ നടക്കും.
മുംബൈയിലേത് "ഇന്ത്യ' മുന്നണിയുടെ മൂന്നാമത്തെ യോഗമാണ്. പാറ്റ്നയിലും ബംഗളൂരുവിലുമാണ് ഇതിനു മുന്പ് യോഗം ചേർന്നത്. "ഇന്ത്യ' മുന്നണി കൺവീനറെ മുംബൈ യോഗത്തിൽ തെരഞ്ഞെടുക്കുമെന്നാണു റിപ്പോർട്ട്.
മല്ലികാർജുൻ ഖാർഗെയോ മറ്റേതെങ്കിലും കോൺഗ്രസ് നേതാവോ ഇന്ത്യ മുന്നണി കൺവീനർ സ്ഥാനം ഏറ്റെടുക്കണമെന്ന് ജെഡി-യു നിർദേശിച്ചിട്ടുണ്ട്. ബിഹാർ മുഖ്യമന്ത്രിയായ നിതീഷ്കുമാർ കൺവീനറാകണമെന്നു ശിവസേനയും ഏതാനും പാർട്ടികളും നിർദേശിച്ചിരുന്നു. എന്നാൽ, സ്ഥാനം ഏറ്റെടുക്കാൻ നിതീഷ്കുമാർ വിസമ്മതിച്ചു.
"ഇന്ത്യ' സഖ്യത്തിന്റെ ഏകോപനത്തിന് 11 അംഗ കമ്മിറ്റി രൂപീകരിച്ചു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുംബൈ യോഗത്തിലുണ്ടാകും. രാഹുൽ ഗാന്ധി, ശരദ് പവാർ, സീതാറാം യെച്ചൂരി, നിതീഷ് കുമാർ, മമത ബാനർജി, അരവിന്ദ് കേജരിവാൾ, എം.കെ.സ്റ്റാലിൻ തുടങ്ങിയവരടങ്ങുന്ന കമ്മിറ്റിയിൽ കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിയുമുണ്ടെന്നാണ് സൂചന.